23/07/2026
[fontresizer_tawhidurrahmandear_widget]

‘അൽപം കൂടി ക്ഷമ കാണിക്കൂ, സർക്കാരിലും സിസ്റ്റത്തിലും വിശ്വാസമർപ്പിക്കുക’; പ്രക്ഷോഭത്തിലുള്ള വിദ്യാർഥികളോട് ശിഖർ ധവാൻ; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

 ‘അൽപം കൂടി ക്ഷമ കാണിക്കൂ, സർക്കാരിലും സിസ്റ്റത്തിലും വിശ്വാസമർപ്പിക്കുക’; പ്രക്ഷോഭത്തിലുള്ള വിദ്യാർഥികളോട് ശിഖർ ധവാൻ; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

ന്യൂഡൽഹി: രാജ്യത്ത് നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രക്ഷോഭം നടക്കുന്നതിനിടെ, സമരക്കാരോട് ക്ഷമ പാലിക്കാൻ ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. വിദ്യാർത്ഥികൾ സർക്കാരിലും രാജ്യത്തെ ഭരണസംവിധാനങ്ങളിലും വിശ്വാസമർപ്പിക്കണമെന്നും പ്രശ്നപരിഹാരത്തിനായി അൽപം കൂടി ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് അദ്ദേഹം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അഭ്യർത്ഥിച്ചത്. എന്നാൽ, ധവാന്റെ ഈ പ്രതികരണത്തിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങളാണ് അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

യുവാക്കളാണ് രാജ്യത്തിന്റെ ഭാവിയെന്നും അവരുടെ സ്വപ്നങ്ങളെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്നും ധവാൻ തന്റെ കുറിപ്പിൽ പറയുന്നു. “പ്രയാസകരമായ സമയങ്ങളിൽ ക്ഷമ കാണിക്കുന്നതും രാജ്യത്തെ സ്ഥാപനങ്ങളിലും സർക്കാരിലും വിശ്വാസം നിലനിർത്തുന്നതും അത്രതന്നെ പ്രധാനമാണ്. ഏതൊരു വെല്ലുവിളികൾക്കുമുള്ള പരിഹാരം ക്ഷമയിൽ നിന്നാണ് ഉണ്ടാകുകയെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യ എപ്പോഴും മുന്നോട്ട് പോയിട്ടുണ്ട്, ഭാവിയിലും അത് പുരോഗമിച്ചുകൊണ്ടുതന്നെയിരിക്കും,” എന്നാണ് ശിഖർ ധവാൻ കുറിച്ചത്.

എന്നാൽ, ധവാന്റെ ഈ ഉപദേശം വലിയ സൈബർ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് നീതി നിഷേധിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ ഭാവിതലമുറയ്ക്ക് പിന്തുണ നൽകേണ്ടവർ തന്നെ സർക്കാരിൽ വിശ്വാസമർപ്പിക്കാൻ പറയുന്നത് തികച്ചും അപലപനീയമാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. ശിഖർ ധവാൻ ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ചിലർ വിമർശിച്ചു. രാജ്യത്ത് ഇത്രയും വലിയൊരു പരീക്ഷാ ക്രമക്കേട് നടന്നിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരിൽ നിന്ന് പരിഹാരം പ്രതീക്ഷിച്ചിരിക്കാൻ തങ്ങൾ ശിഖർ ധവാനെപ്പോലെ മണ്ടന്മാരല്ലെന്നും അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേർ കമന്റുകളിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്.

Also read: