26/07/2026
[fontresizer_tawhidurrahmandear_widget]

‘മന്ത്രിയുടെ രാജികൊണ്ട് മകൾ തിരികെ വരുമോ? ക്രമക്കേടിന് പിന്നിലുള്ളവരെ തൂക്കിലേറ്റണം’; ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാർഥിയുടെ അമ്മ

 ‘മന്ത്രിയുടെ രാജികൊണ്ട് മകൾ തിരികെ വരുമോ? ക്രമക്കേടിന് പിന്നിലുള്ളവരെ തൂക്കിലേറ്റണം’; ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാർഥിയുടെ അമ്മ

നാഗ്‌പൂർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് പരിഹാരമല്ലെന്നും ക്രമക്കേടിന് പിന്നിലുള്ളവരെ തൂക്കിലേറ്റണമെന്നും ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാർത്ഥിയുടെ അമ്മ നീലം ചതുർവേദി. മകളെ തിരികെ കൊണ്ടുവരാൻ ഒരു നടപടിക്കും കഴിയില്ലെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള വ്യാപക പ്രക്ഷോഭങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ അതുകൊണ്ട് എന്താണ് പ്രയോജനമെന്നും മകളെ തിരികെ കൊണ്ടുവരാനാകുമോ എന്നും അവർ ചോദ്യമുയർത്തി.

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് കഴിഞ്ഞ മെയ് 20-നാണ് നാഗ്‌പൂരിൽ വെച്ച് മകൾ ആകാൻക്ഷ ചതുർവേദി ആത്മഹത്യ ചെയ്തത്. ഒരു മാസത്തിന് ശേഷമാണ് വീണ്ടും പരീക്ഷ നടത്തിയത്. “ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ ഞങ്ങൾ തൃപ്തരല്ല. വിദ്യാർഥികളുടെ പ്രതിഷേധത്തിന് ഞങ്ങളുടെ പിന്തുണയുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലുള്ളവർക്ക് വധശിക്ഷ തന്നെ നൽകണം,” എന്ന് നീലം ചതുർവേദി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥി പ്രതിഷേധത്തിന് തന്റെ പൂർണ പിന്തുണയുണ്ടെന്നും എന്നാൽ മന്ത്രിയുടെ രാജിയോടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മധ്യപ്രദേശ് സ്വദേശിനിയായ ആകാൻക്ഷ പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി കുടുംബത്തോടൊപ്പം നാഗ്‌പൂരിലേക്ക് താമസം മാറുകയും അവിടെ ഒരു കോച്ചിങ് സ്ഥാപനത്തിൽ ചേരുകയുമായിരുന്നു. മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയ ആകാൻക്ഷ, പരീക്ഷ എളുപ്പമായിരുന്നു എന്നാണ് വീട്ടിൽ പറഞ്ഞത്. എന്നാൽ നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെയാണ് ആകാൻക്ഷ ആത്മഹത്യ ചെയ്തതെന്ന് അമ്മ വ്യക്തമാക്കി.

ആകാൻക്ഷയുടെ വേർപാടിൽ പൂർണ്ണമായും തകർന്നിരിക്കുകയാണ് ഈ കുടുംബം. ആകാൻക്ഷയുടെ പിതാവിന് രണ്ട് തവണ ഹൃദയാഘാതം വരികയും തുടർന്ന് പക്ഷാഘാതം ബാധിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ കൃഷിയിടത്തിലെ കൃഷിയ്ക്ക് പുറമെ കുടുംബച്ചെലവുകളും മകളുടെ കോച്ചിങ് ഫീസും കണ്ടെത്താൻ അദ്ദേഹം നാഗ്‌പൂരിൽ പാചക ജോലിയും ചെയ്തിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ആകാൻക്ഷ വളരെ സന്തോഷത്തിലായിരുന്നുവെന്നും 650-ലധികം മാർക്ക് നേടുമെന്ന ആത്മവിശ്വാസം അവൾക്കുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. എന്നാൽ ചോദ്യപേപ്പർ ചോർച്ചയും തുടർന്ന് പരീക്ഷ റദ്ദാക്കിയതും അറിഞ്ഞതോടെ മകൾ കടുത്ത മാനസികാഘാതത്തിലേക്ക് വീഴുകയും ആഹാരം പോലും കഴിക്കാതെ കടുത്ത നിരാശയിലാവുകയുമായിരുന്നു. ആത്മഹത്യയ്ക്ക് മുമ്പ് ആകാൻക്ഷ എഴുതിയ കുറിപ്പിലും താൻ അനുഭവിച്ച കടുത്ത മാനസിക സമ്മർദ്ദവും നിരാശയും വ്യക്തമായിരുന്നു. “ഇനി ഞങ്ങളെ നോക്കാൻ ആരുണ്ട്, മകൾ ജീവനോടെയുണ്ടായിരുന്നെങ്കിൽ എല്ലാം അവൾ തന്നെ നോക്കുമായിരുന്നു,” എന്ന് നീലം ചതുർവേദി കണ്ണീരോടെ പ്രതികരിച്ചു.

Also read: