E-20 പെട്രോളിന്റെ ഗുണിനിലവാരം അറിയാൻ ഉപകരണം വേണം; കേന്ദ്ര സർക്കാരിന് കത്തയച്ച് പമ്പുടമകൾ
മുംബൈ: E-20 പെട്രോളിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കൃത്യമായ പ്രവർത്തന മാർഗ്ഗരേഖയും പരിശോധനാ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പുടമകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ചു. മായം ചേർത്ത പെട്രോൾ വിൽക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പമ്പുടമകൾ ഈ ആവശ്യവുമായി രംഗത്തെത്തിയത്.
എഥനോൾ കലർത്തിയ പെട്രോളിൽ ചെറിയ അളവിൽ പോലും ഈർപ്പം കലർന്നാൽ വൻതോതിൽ ഇന്ധനം ഉപയോഗശൂന്യമാകുമെന്നും ഇത് പമ്പുടമകൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ധനം ശേഖരിക്കുന്ന സംവിധാനത്തിലോ വിതരണത്തിലോ ഉണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും ഇതിന് കാരണമായേക്കാം. ഈ സാഹചര്യത്തിൽ പൊതുവായ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങളും ഇന്ധനത്തിന്റെ ഗുണമേന്മ തത്സമയം പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളും ലഭ്യമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
E-20 പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങളും ആശങ്കകളും ശക്തമായി തുടരുന്നതിനിടയിലാണ് പമ്പുടമകളുടെ ഈ നീക്കം. അതേസമയം, E-20 ഇന്ധനത്തെ അനുകൂലിക്കുന്ന നിലപാടാണ് പ്രമുഖ വാഹന നിർമ്മാതാക്കൾ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ സാഹചര്യങ്ങളിൽ വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർത്ത ഇന്ധനം പൂർണ്ണമായും സുരക്ഷിതമാണെന്നായിരുന്നു വാഹന നിർമ്മാതാക്കളുടെ നിലപാട്.
മാരുതി സുസുക്കി, ടൊയോട്ട കിർലോസ്‌കർ, ഹ്യൂണ്ടായ്, ഹീറോ മോട്ടോകോർപ്, ടി.വി.എസ്. മോട്ടോർ, ബജാജ് ഓട്ടോ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം E-20 നെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, 20 ശതമാനത്തിൽ കൂടുതൽ എഥനോൾ ചേർക്കുന്നത് ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാവൂ എന്ന് ഏതാനും കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.