‘എസ്എൻഡിപി യോഗത്തിന്റെ ആസ്തി ഇരട്ടിയായി വർധിപ്പിച്ചു, ഇതൊന്നും ചിലർക്കു മനസ്സിലാകുന്നില്ല- വെള്ളാപ്പള്ളി’
കൊല്ലം: ഈഴവ സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം കാണുന്നതിനായി സർക്കാർ പ്രത്യേക കമ്മിഷനെ നിയമിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ഇതിനായി മൂന്നാം നിവർത്തന പ്രക്ഷോഭം നടത്തേണ്ടി വന്നാൽ സമുദായം അതിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പത്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളി നടേശന് എസ്എൻ ട്രസ്റ്റിന്റെയും കൊല്ലം ജില്ലയിലെ 10 എസ്എൻഡിപി യോഗം യൂണിയനുകളുടെയും നേതൃത്വത്തിൽ നൽകിയ വരവേൽപ്പിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം സമുദായം സച്ചാർ, പാലോളി കമ്മിഷനുകളിലൂടെയും ക്രിസ്ത്യൻ സമുദായം കോശി കമ്മിഷനിലൂടെയും തങ്ങളുടെ കുറവുകൾ പരിഹരിച്ചപ്പോൾ ഈഴവ സമുദായത്തിന് എന്താണ് ലഭിച്ചതെന്ന് ആലോചിക്കണം. എസ്എൻഡിപി യോഗത്തിന് ആരോടും വിരോധമില്ലെന്നും എന്നാൽ സമുദായത്തിന് സാമൂഹിക നീതി ലഭ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ലഭിച്ച പത്മഭൂഷൺ ബഹുമതി സമുദായത്തിനായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും കുറിച്ച് വിശദീകരിച്ച വെള്ളാപ്പള്ളി, മൈക്രോ ഫിനാൻസ് വഴി കൊല്ലം ജില്ലയിൽ മാത്രം 500 കോടി രൂപയുടെ വായ്പ നൽകിയതായി അറിയിച്ചു. കൊല്ലം യൂണിയനിൽ 26 വീടുകൾ നിർമിച്ചു നൽകി. കൊല്ലം, പത്തനാപുരം, കരുനാഗപ്പള്ളി, കുന്നത്തൂർ എന്നിവിടങ്ങളിൽ കോ-ഓപറേറ്റീവ് ബാങ്കുകൾ ആരംഭിച്ചു. എസ്എൻഡിപി യോഗത്തിന്റെ ആസ്തി 432.13 ഇരട്ടിയായും എസ്എൻ ട്രസ്റ്റിന്റെ ആസ്തി 23 ഇരട്ടിയായും വർധിച്ചു. എന്നാൽ ചിലർക്കിതൊന്നും മനസ്സിലാകുന്നില്ലെന്നും വിമർശിക്കുന്ന ചില ദുഷ്ടശക്തികൾ മാത്രമാണ് ഇതിനെതിരെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിഎൻഎസ്എസ് നഴ്‌സിങ് കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. കേന്ദ്രമന്ത്രി അമിത് ഷായുടെ സന്ദേശം ചടങ്ങിൽ വായിച്ചു. സ്വാഗത സംഘം കൺവീനർ മോഹൻ ശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ജി. ജയദേവൻ, എ. സോമരാജൻ, തുഷാർ വെള്ളാപ്പള്ളി, പ്രീതി നടേശൻ, ബി.ബി. ഗോപകുമാർ എംഎൽഎ തുടങ്ങിയവരും വിവിധ യൂണിയൻ ഭാരവാഹികളും പങ്കെടുത്തു.