ഇ20 പെട്രോൾ സുരക്ഷിതം; എൻജിൻ കേടാകില്ലെന്ന് സുരേഷ് ഗോപി
ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന 20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ പൂർണ്ണമായും സുരക്ഷിതമാണെന്നും, ഇത് മൂലം വാഹനങ്ങളുടെ എൻജിൻ തകരാറിലാകില്ലെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കി. ഇ20 ഇന്ധനം എൻജിനുകൾ കേടുവരുത്തുമെന്ന പ്രചാരണങ്ങളെ പൂർണ്ണമായും തള്ളിയ മന്ത്രി, എഥനോളില്ലാത്ത പഴയ പെട്രോളിലേക്ക് ഇനി ഒരു തിരിച്ചുപോക്കുണ്ടാകില്ലെന്നും സഭയെ അറിയിച്ചു.
നീതി ആയോഗ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ ലാബ് പരിശോധനകളിലും പഠനങ്ങളിലും ഇ20 പെട്രോൾ എൻജിനുകൾക്ക് യാതൊരുവിധ അസാധാരണ തകരാറും ഉണ്ടാക്കുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പഴയ ഇ10 മോഡൽ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ മൈലേജിൽ 3 മുതൽ 5 ശതമാനം വരെ ചെറിയ കുറവുണ്ടായേക്കാം. എങ്കിലും ഉയർന്ന ഒക്ടെയിൻ നമ്പർ നൽകുന്നതിനാൽ വാഹനത്തിന് കൂടുതൽ പിക്കപ്പും മികച്ച എൻജിൻ കാര്യക്ഷമതയും ലഭിക്കും.
പ്രമുഖ വാഹനം നിർമ്മാതാക്കളുടെ സർവീസ് കേന്ദ്രങ്ങളിൽ പരിശോധിച്ചതിൽ എഥനോൾ ഇന്ധനം കാരണം എൻജിൻ തകരാറിലായതായി ഒറ്റ പരാതി പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ വിൽക്കുന്ന പ്രീമിയം ഗ്രേഡ് പെട്രോളുകളിൽ എഥനോൾ കലർത്തുന്നില്ല. കൂടാതെ, ഇന്ധനത്തിൽ എഥനോളിന്റെ അളവ് 20 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാൻ ഇപ്പോൾ സർക്കാരിന് പദ്ധതിയില്ല. ഭാവിയിൽ ശാസ്ത്രീയ പഠനങ്ങൾക്കും വാഹനം നിർമ്മാതാക്കളുമായുള്ള ചർച്ചകൾക്കും ശേഷം മാത്രമേ ഇതിൽ തീരുമാനമെടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി.