‘പ്രതിഷേധക്കാരെ പേടിപ്പിക്കാനുള്ള മാർഗമല്ല ലാത്തിച്ചാർജ്’; മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ സിദ്ധാർത്ഥ് ലൂത്ര
ന്യൂഡൽഹി: ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ലാത്തിച്ചാർജ് സമരക്കാരെ പേടിപ്പിക്കാനുള്ള മാർഗമല്ലെന്ന് വ്യക്തമാക്കി മുൻ സോളിസിറ്റർ ജനറൽ സിദ്ധാർത്ഥ് ലൂത്ര. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിക്കെതിരെയും മറ്റ് വിഷയങ്ങളിലും സോഷ്യൽ മീഡിയയിൽ ഉയർന്ന ചില അധിക്ഷേപകരമായ വിഡിയോകളും പോസ്റ്റുകളും നീക്കം ചെയ്യാൻ ഡൽഹി പോലീസ് നിർദേശം നൽകിയ നടപടിയെക്കുറിച്ച് നിയമപരമായ കാഴ്ചപ്പാട് അദ്ദേഹം പങ്കുവെച്ചു.
ക്രമസമാധാനം ഉറപ്പാക്കാനും സ്വത്തുക്കളുടെ സംരക്ഷണത്തിനും മറ്റ് ആളുകൾക്ക് പരിക്കേൽക്കാതെ നോക്കാനും മാത്രമാണ് പോലീസ് ലാത്തിച്ചാർജ് നടത്തേണ്ടത്. പ്രതിഷേധങ്ങളിൽ അക്രമമുണ്ടാവുകയോ, ഗതാഗതവും ജനങ്ങളുടെ സഞ്ചാരവും തടസ്സപ്പെടുകയോ ചെയ്യുമ്പോൾ നിയമപരമായി പോലീസിന് ഇടപെടേണ്ടി വരുന്നു. എന്നാലും പോലീസ് കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് പ്രതിഷേധക്കാർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരാൾ നമ്മളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം പങ്കുവെച്ചു എന്നതുകൊണ്ട് മാത്രം അവരുടെ പോസ്റ്റുകൾ നീക്കം ചെയ്യാൻ കഴിയില്ല. ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ആക്ടിലെ സെക്ഷൻ 69എ പ്രകാരം വ്യക്തമായ മാനദണ്ഡങ്ങളും സുരക്ഷാ വ്യവസ്ഥകളും പാലിച്ചു മാത്രമേ ഏതൊരു ഉള്ളടക്കവും നീക്കം ചെയ്യാൻ ഉത്തരവിടാൻ സാധിക്കൂ. പോലീസിന് ഒരു പരാതി ലഭിക്കുകയും, അതിൽ ക്രിമിനൽ കുറ്റകൃത്യമോ അപകീർത്തിപ്പെടുത്തലോ അടങ്ങിയിട്ടുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്താൽ മാത്രമേ ഇത്തരം പോസ്റ്റുകൾ മാറ്റാൻ ഏജൻസികളോട് ആവശ്യപ്പെടാൻ കഴിയൂ. പോലീസിന്റെ ഏതൊരു നടപടിയും വ്യക്തികളുടെ സ്ഥാനമാനങ്ങൾ നോക്കിയല്ല, മറിച്ച് രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി മാത്രമായിരിക്കണം നടപ്പിലാക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു