ഭാര്യയെ മർദിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തി ഭർത്താവ്; ദൃശ്യം വീഡിയോ കോളിലൂടെ മാതാപിതാക്കളെകാണിച്ചു
ബെംഗളൂരു: ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭർത്താവ് അറസ്റ്റിൽ. കർണാടകയിൽ ബാഗൽകോട്ട് ജില്ലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ ഭാര്യയുടെ മാതാപിതാക്കളെ വീഡിയോ കോൾ വിളിച്ചു കാണിക്കുകയും ചെയ്തു. കുടുംബകലഹത്തെ തുടർന്നാണ് അതിക്രൂരമായ ഈ സംഭവം നടന്നത്. ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് ആരോപിച്ച് ഇവർ തമ്മിൽ സംഘർഷം പതിവായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുപത്തിമൂന്ന്കാരിയായ ഭാഗ്യശ്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കളെ ഫോൺ വിളിച്ച സമയത്ത് മകൾ ഗുരുതരാവസ്ഥയിൽ മരണത്തോടെ മല്ലിടുന്നതാണ് കണ്ടത്. മകളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചെങ്കിലും യുവാവ് യാതൊരു കരുണയും കാണിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. . സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നു കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.