30/07/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ പ്രധാനം, സംഘർഷം അവസാനിപ്പിക്കണം’; പശ്ചിമേഷ്യയിലെ സാഹചര്യങ്ങളിൽ യു.എന്നിൽ ആശങ്കയറിയിച്ച് ഇന്ത്യ

 ‘ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ പ്രധാനം, സംഘർഷം അവസാനിപ്പിക്കണം’; പശ്ചിമേഷ്യയിലെ സാഹചര്യങ്ങളിൽ യു.എന്നിൽ ആശങ്കയറിയിച്ച് ഇന്ത്യ

പർവതനേനി ഹരീഷ്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗുരുതരമാകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്രപരമായ ഇടപെടലുകളാണ് ആവശ്യപ്പെടേണ്ടതെന്നും യു.എൻ രക്ഷാ സമിതിയിലെ തുറന്ന ചർച്ചയിൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും സമുദ്ര ഗതാഗതം തടസ്സപ്പെടുത്തുന്നതിനെയും ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു.

പശ്ചിമേഷ്യൻ മേഖല ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വ്യാപാരവും ഊർജ്ജസുരക്ഷയും ലക്ഷക്കണക്കിന് പ്രവാസികളുടെ ഭാവി ഈ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിവർഷം 180 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് മേഖലയുമായി ഇന്ത്യക്കുള്ളത്. ജി.സി.സി രാജ്യങ്ങളിൽ നിന്ന് 31 ബില്യൺ ഡോളറിലധികം വിദേശ നിക്ഷേപവും 52 ബില്യൺ ഡോളറിലധികം പ്രവാസി പണവും ഇന്ത്യയിലെത്തുന്നുണ്ട്. ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പ്രവാസികളാണ് ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നത്. ഇവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഇന്ത്യ മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ മാസം ആദ്യം ഹോർമുസ് കടലിടുക്കിൽ ജി.എഫ്.എസ് ഗാലക്സി, എം.ടി അൽ ബഹിയ, എം.ടി മൊംബാസ എന്നീ വാണിജ്യ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നിരവധി ഇന്ത്യാക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രമായ നാവിഗേഷൻ തടസ്സപ്പെടുത്തുന്ന നടപടിയെ മുൻപും ഇന്ത്യ അപലപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

‘മേഖലയിലെ വാണിജ്യക്കപ്പലുകൾക്കും സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് എതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണം. കൂടാതെ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി മേഖലയിലെ അന്താരാഷ്ട്ര സമുദ്രമാർഗങ്ങളിലൂടെയുള്ള കപ്പൽഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണം’ -അദ്ദേഹം പറഞ്ഞു.

വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ജൂലൈ 11-നാണ് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. ഇതോടെ അന്താരാഷ്ട്ര സമുദ്ര വ്യാപാരം വൻ പ്രതിസന്ധിയിലായി. സംഘർഷത്തിന് മുൻപ് പ്രതിദിനം നൂറിലധികം കപ്പലുകൾ കടന്നുപോയിരുന്ന ഈ വഴിയിലൂടെ ജൂലൈ മധ്യത്തോടെ ഗതാഗതം എട്ടിനും പതിനഞ്ചിനും ഇടയിലായി കുത്തനെ കുറഞ്ഞതായി ഐക്യരാഷ്ട്രസഭയുടെ ഏഷ്യ-പസഫിക് സാമ്പത്തിക-സാമൂഹിക കമ്മീഷൻ വ്യക്തമാക്കുന്നു.

Also read: