E20 പെട്രോൾ: എൻജിൻ മാറ്റേണ്ട, പക്ഷേ വാഹനങ്ങളിലെ റബ്ബര്‍ ഭാഗങ്ങൾ മാറ്റേണ്ടി വരുമെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി: 2005 ഏപ്രിൽ 1 മുതൽ 2016 വരെ നിർമ്മിച്ച വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബ്ബർ ഘടകങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായി നടപ്പാക്കിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സഭയിൽ വിശദീകരണം നൽകിയത്.
പഠനങ്ങൾ പ്രകാരം എൻജിനിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു. E20 ഇന്ധനം ഉപയോഗിക്കുന്നത് മൂലം വാഹനങ്ങൾക്ക് മൈലേജ് കുറയുകയോ പവർ നഷ്ടപ്പെടുകയോ ചെയ്യില്ലെന്നും രാജ്യസഭയിൽ നൽകിയ മറുപടി വ്യക്തമാക്കുന്നു.
എന്നാൽ 2005 നും 2016 നും ഇടയിൽ നിരത്തിലിറങ്ങിയ വാഹനങ്ങളുടെ റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് അദ്ദേഹം ആവർത്തിച്ചു. E20 പെട്രോളിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിമർശനങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ വിശദീകരണം.