അതിശക്തമായ മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് ജാഗ്രതയുള്ളത്. മഴ കനത്തതോടെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.
പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യതയുണ്ട്. പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. ജില്ലയിൽ അതിതീവ്രമഴയാണെന്നും ആളുകൾ ഉടൻ മാറിത്താമസിക്കണമെന്നും മന്ത്രി പി.സി വിഷ്ണുനാഥ് അറിയിച്ചു. റാന്നിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു വരികയാണ്.
മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി എന്നീ ആറ് ഡാമുകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. മൂഴിയാർ ഡാമിലെ ജലനിരപ്പ് 190 മീറ്ററിലെത്തിയാൽ തുറന്നുവിടാൻ നിർദേശമുണ്ട്. കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 24 മണിക്കൂറിനിടെ നാലടി ഉയർന്ന് 2344.56 അടിയായി.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 11 പേർ മരണപ്പെട്ടു. 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നു. നിലവിൽ 273 ക്യാമ്പുകളിലായി 7,674 പേർ കഴിയുന്നുണ്ട്. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ അമ്പലപ്പുഴ-തിരുവല്ല റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് നിർത്തിവെച്ചു. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.