04/08/2026
[fontresizer_tawhidurrahmandear_widget]

‘ഉപതെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നു, തിരിച്ചടി പാർട്ടി വിശദമായി പരിശോധിക്കും’ -ബിജെപി ദേശീയ അധ്യക്ഷൻ

 ‘ഉപതെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നു, തിരിച്ചടി പാർട്ടി വിശദമായി പരിശോധിക്കും’ -ബിജെപി ദേശീയ അധ്യക്ഷൻ

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ബീഹാറിലെ ബങ്കിപൂർ, മധ്യപ്രദേശിലെ ദതിയ എന്നീ മണ്ഡലങ്ങളിലെ തോൽവിക്ക് ശേഷം പാർട്ടി കാര്യങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും എക്സിലൂടെ നൽകിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗുജറാത്തിലെ മഞ്ജൽപൂർ മണ്ഡലം നിലനിർത്താൻ സഹായിച്ച വോട്ടർമാർക്കും പാർട്ടി പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. “ഇന്നത്തെ മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി ഞങ്ങൾ വിനയത്തോടെ സ്വീകരിക്കുന്നു. മഞ്ജൽപൂരിലെ മികച്ച വിജയത്തിന് ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ” എന്ന് നിതിൻ നബിൻ കുറിച്ചു. ബങ്കിപൂരിലും ദതിയയിലും പ്രതീക്ഷിച്ച ഫലമല്ല ലഭിച്ചതെന്നും, ഈ രണ്ട് പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് തിരിച്ചടി പാർട്ടി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ കരുത്തോടെയും ദൃഢനിശ്ചയത്തോടെയും ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്നും ജനങ്ങളുടെ വിശ്വാസം കൂടുതൽ ഊട്ടിയുറപ്പിക്കാൻ പ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയുടെ പരമ്പരാഗത ശക്തികേന്ദ്രവും നിതിൻ നബിനുമായി ഏറെ അടുപ്പമുള്ളതുമായ മണ്ഡലമെന്ന നിലയിലാണ് ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയത്. 1995 മുതൽ ബി.ജെ.പിയുടെ കൈവശമുള്ള ഈ മണ്ഡലത്തിൽ നിതിൻ നബിൻ തുടർച്ചയായി വിജയിച്ചുവരികയായിരുന്നു. പാർട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം എം.എ.എൽ സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സീറ്റ് നിലനിർത്താൻ ബി.ജെ.പി നീരജ് കുമാറിനെ രംഗത്തിറക്കിയെങ്കിലും, ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ഇവിടെ വിജയം പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അൻപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പി വിജയിച്ച മണ്ഡലത്തിലാണ് പാർട്ടിക്ക് ഇത്തവണ തിരിച്ചടി നേരിട്ടത്.

ദതിയയിൽ കോൺഗ്രസ് സിറ്റിംഗ് സീറ്റ് നിലനിർത്തുക മാത്രമാണ് ചെയ്‌തതെന്നും, കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിയുടെ വോട്ട് വിഹിതം അവിടെ വർധിച്ചിട്ടുണ്ടെന്നും നിതിൻ നബിൻ ചൂണ്ടിക്കാട്ടി. രാജ്യത്ത് ജാതിമത ഭേദമന്യേ ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം ഇതിലൂടെ വ്യക്തമാകുന്നുണ്ടെന്നും, സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി രാജ്യത്തെ 29 ലോക്സഭാ സീറ്റുകളും ബി.ജെ.പി തൂത്തുവാരിയ ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. മധ്യപ്രദേശിലെ ബുധ്‌നി ഉപതെരഞ്ഞെടുപ്പ് നിലനിർത്താനും അമർവാറ കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാനും പാർട്ടിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “എല്ലാവരുടെയും അഭിപ്രായങ്ങൾ ഞങ്ങൾ കേട്ടു, ജനം നൽകിയ വിധി ഞങ്ങൾ വിനയത്തോടെ അംഗീകരിക്കുന്നു” എന്ന് വ്യക്തമാക്കിയ നിതിൻ നബിൻ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ കരുത്തോടെ പാർട്ടി തിരികെ വരുമെന്നും കൂട്ടിച്ചേർത്തു.

Also read: