പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട പെൺകുട്ടിയെ കുറിച്ചുള്ള വാർത്ത ബ്ലോക്ക് ചെയ്ത് മെറ്റ
ജമ്മു: കശ്മീരിൽ സുരക്ഷാസേനയുടെ പെല്ലറ്റ് ഗൺ ആക്രമണത്തിൽ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ട പെൺകുട്ടിയെക്കുറിച്ചുള്ള വാർത്തകൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ വിലക്കേർപ്പെടുത്തി മാതൃകമ്പനിയായ മെറ്റ. പെല്ലറ്റ് ആക്രമണത്തിൽ ഇരയായ ഇൻഷ മുഷ്താഖിന്റെ അതിജീവനത്തെക്കുറിച്ച് പ്രമുഖ ദേശീയ മാധ്യമമായ ‘ദ ഹിന്ദു’ നൽകിയ വിശദമായ റിപ്പോർട്ടിന്റെ ഭാഗമായുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റാണ് മെറ്റ ഇന്ത്യയിൽ നീക്കം ചെയ്തത്.
ഇന്ത്യയിലെ വിവരസാങ്കേതിക നിയമത്തിലെ (ഇൻഫർമേഷൻ ടെക്നോളജി – ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് റൂൾസ്) വ്യവസ്ഥകൾ പ്രകാരമുള്ള നിയമപരമായ ആവശ്യകതകൾ പാലിച്ചുകൊണ്ടാണ് ഈ ഉള്ളടക്കത്തിന് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് പോസ്റ്റ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം നൽകുന്ന ഔദ്യോഗിക വിശദീകരണം.
2016-ൽ തെക്കൻ കശ്മീരിലെ ഷോപ്പിയാനിലെ സീദൗ ഗ്രാമത്തിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ഇൻഷ മുഷ്താഖിന് പെല്ലറ്റ് ആക്രമണത്തിൽ ഇരു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടത്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെത്തുടർന്ന് കശ്മീരിലുണ്ടായ വലിയ പ്രക്ഷോഭങ്ങൾക്കിടെ സ്വന്തം വീടിന്റെ ജനാലയ്ക്കരികിലിരുന്ന് പരീക്ഷയ്ക്കായി പഠിക്കുകയായിരുന്ന പെൺകുട്ടിയുടെ മുഖത്തേക്ക് ലക്ഷ്യമില്ലാതെ പൊലീസ് നടത്തിയ പെല്ലറ്റ് പ്രയോഗം പതിക്കുകയായിരുന്നു. ഈ പ്രക്ഷോഭത്തിൽ മാത്രം ആറായിരത്തിലധികം സാധാരണക്കാർക്കാണ് അന്ന് പെല്ലറ്റ് തോക്കിൽ നിന്നുള്ള ചീളുകൾ തറച്ച് പരിക്കേറ്റതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പൊലീസിന്റെയും സുരക്ഷാസേനകളുടെയും ഇത്തരം പെല്ലറ്റ് തോക്ക് ഉപയോഗത്തിനെതിരെ നിലവിൽ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ജനകീയ സമരങ്ങൾക്ക് നേരെ യാതൊരു വിവേചനവുമില്ലാതെ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നത് വ്യാപകമായത് എന്ന് ആരോപണമുണ്ട്. കഴിഞ്ഞ ജൂലൈ 20-ന് ഡൽഹിയിലെ ജന്തർ മന്തറിൽ കോക്ക്രോച്ച് ജനതാ പാർട്ടിയുടെയും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിന് നേരെയും പൊലീസ് പതിവ് പോലെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ വിദ്യാർത്ഥി സമൂഹം വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചതോടെ ജനക്കൂട്ടത്തിന് നേരെ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നതിലെ ക്രൂരതയും മാനുഷിക പ്രശ്നങ്ങളും വീണ്ടും രാജ്യവ്യാപകമായി വലിയ സംവാദങ്ങൾക്ക് വഴിവെക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പെല്ലറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജികൾ എത്തുകയും ചെയ്തു.
പെല്ലറ്റ് ആക്രമണ ഇരകളുടെ വിഷയം വീണ്ടും ദേശീയ തലത്തിൽ വലിയ രീതിയിൽ ശ്രദ്ധനേടിയ ഈ സാഹചര്യത്തിലാണ്, കാഴ്ച നഷ്ടപ്പെട്ട് പത്ത് വർഷങ്ങൾക്ക് ശേഷം ഇൻഷ മുഷ്താഖിന് പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ എൽ.പി.ജി ഡീലർഷിപ്പ് അനുവദിക്കാൻ ഒടുവിൽ തീരുമാനിച്ചത്. 2018-ൽ വാഗ്ദാനം ചെയ്തിരുന്ന എൽ.പി.ജി ഏജൻസി നൽകാനുള്ള നടപടികൾ ജമ്മു കശ്മീർ സർക്കാർ വേഗത്തിലാക്കുകയായിരുന്നു. വിതരണാവകാശം പൂർത്തിയാക്കുന്നതിനായി മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെയും മന്ത്രി സതീഷ് ശർമ്മയുടെയും നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ 41.16 ലക്ഷം രൂപ കഴിഞ്ഞ ദിവസം അനുവദിക്കുകയും ചെയ്തു. പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ എൽ.പി.ജി ഡീലർഷിപ്പ് അനുമതി ലഭിച്ച ഇൻഷയുടെ അതിജീവനത്തെക്കുറിച്ചും നിലവിലെ സമകാലിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പെല്ലറ്റ് ആക്രമണങ്ങളെക്കുറിച്ചും പുറത്തുവന്ന ഈ വാർത്തയാണ് മെറ്റ ഇപ്പോൾ ഇന്ത്യയിൽ തടഞ്ഞിരിക്കുന്നത്.