09/08/2026
[fontresizer_tawhidurrahmandear_widget]

‘പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവച്ചു കൊല്ലും’; വിവാദ പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പോലീസ് പരിശോധന

 ‘പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവച്ചു കൊല്ലും’; വിവാദ പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പോലീസ് പരിശോധന

കൊച്ചി: ഡൽഹിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന നടത്തിയ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പോലീസ് പരിശോധന. ഇദ്ദേഹത്തിന്റെ മൊഴിയെടുക്കാനാണോ അതോ അറസ്റ്റ് രേഖപ്പെടുത്താനാണോ ഉദ്യോഗസ്ഥർ എത്തിയത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രകോപനപരമായ രീതിയിൽ സംസാരിച്ച സംഭവത്തിൽ തിരുവനന്തപുരം സൈബർ പൊലീസാണ് ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് പത്ത് ദിവസം പിന്നിട്ടിട്ടും പൊലീസ് നടപടികൾ വൈകുന്നതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പരിശോധന നടന്നിരിക്കുന്നത്.

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്നാണ് മോഹൻദാസ് യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞത്. “ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും” – ഇതായിരുന്നു മോഹൻദാസിന്റെ വിവാദ വാക്കുകൾ. അതേസമയം, ഈ കൊലവിളി പ്രസ്താവന അടങ്ങിയ വീഡിയോ ഇപ്പോഴും യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാത്തതും വ്യാപക വിമർശനത്തിന് കാരണമായിട്ടുണ്ട്.

Also read: