10/08/2026
[fontresizer_tawhidurrahmandear_widget]

‘പച്ചയ്ക്ക് നുണ പറയുന്നതിൽ ലജ്ജയില്ലേ?’; വിമാനക്കമ്പനി വിഷയത്തിൽ അദാനിക്കെതിരെ മഹുവ മൊയ്ത്ര; കത്തും പുറത്തുവിട്ടു

 ‘പച്ചയ്ക്ക് നുണ പറയുന്നതിൽ ലജ്ജയില്ലേ?’; വിമാനക്കമ്പനി വിഷയത്തിൽ അദാനിക്കെതിരെ മഹുവ മൊയ്ത്ര; കത്തും പുറത്തുവിട്ടു

ശതകോടീശ്വരൻ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. വിമാനക്കമ്പനികളിലെ ഓഹരി പങ്കാളിത്തച്ചട്ടത്തിൽ ഭേദഗതി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കേന്ദ്രസർക്കാരിന് അയച്ച കത്ത് പുറത്തുവിട്ടാണ് മഹുവ രംഗത്തെത്തിയത്. അദാനി ഗ്രൂപ്പ് ഒരു ലജ്ജയുമില്ലാതെ പച്ചയ്ക്ക് നുണ പറയുകയാണെന്ന് മഹുവ ആരോപിച്ചു.

വിമാനത്താവള കമ്പനികളിൽ പങ്കാളിത്തമുള്ളവർക്ക് വിമാന സർവീസ് കമ്പനികളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരി നേടാൻ ചട്ടം അനുവദിക്കുന്നില്ല. ഈ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് അദാനി കേന്ദ്രത്തെ സമീപിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, വിമാനക്കമ്പനി തുടങ്ങുന്നു എന്ന വാർത്തകൾ അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അദാനി ഗ്രൂപ്പ് നൽകിയ വിശദീകരണം.

എന്നാൽ, കേന്ദ്രത്തിന് അയച്ച കത്തും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ മറുപടിയും പുറത്തുവിട്ട മഹുവ മൊയ്ത്ര, അദാനി ഗ്രൂപ്പ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വ്യക്തമാക്കി. കേന്ദ്രത്തിന് അയച്ച കത്തിന്റെ പകർപ്പ് അദാനി ഗ്രൂപ്പ് കമ്പനി സെക്രട്ടറിക്കും ലഭിച്ചിട്ടുണ്ട്. അതേ കമ്പനി സെക്രട്ടറി തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് മഹുവ കൂട്ടിച്ചേർത്തു.

നിലവിൽ തിരുവനന്തപുരം, മുംബൈ, നവിമുംബൈ, മംഗളൂരു, ഗുവാഹതി, ലക്നൗ, അഹമ്മദാബാദ്, ജയ്‌പുർ എന്നീ വിമാനത്താവളങ്ങളുടെ നിയന്ത്രണം അദാനി എയർപോർട്ട് ഹോൾഡിങ്‌സ് ലിമിറ്റഡിനാണ്. മുംബൈ വിമാനത്താവളത്തിൽ 74% ഓഹരിയും അദാനിക്കുണ്ട്. നിലവിലെ നിയമപ്രകാരം അവർക്ക് വിമാനക്കമ്പനികളിൽ 10% ഓഹരിയിൽ കൂടുതൽ നേടാനാകില്ല.

ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയ്ക്ക് 90% വിപണിവിഹിതമുള്ള ഇന്ത്യൻ വ്യോമയാന മേഖലയിൽ അദാനി എയർലൈൻസ് വന്നാൽ വലിയ വെല്ലുവിളിയാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ വിവാദം.

Also read: