‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ഗവർണർ
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കുമെന്ന നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വന്ദേമാതരം താൻ പൂർണമായും പാടുമെന്നും അത് തന്നെയാണ് തന്റെ സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വന്ദേമാതരം മുഴുവനായി പാടണമെന്ന് ഗവർണർ ഔദ്യോഗികമായി നിർദേശം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ ഇതിനിടെ വിശദീകരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഓഗസ്റ്റ് നാലിന് സർക്കാർ ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിന് രണ്ട് ദിവസത്തിന് ശേഷം, വന്ദേമാതരവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് മറ്റൊരു കത്തയച്ചു. ഗവർണറുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി സർക്കാർ സർക്കുലർ മറികടന്ന് ഈ കത്തയച്ചതെന്നാണ് മന്ത്രിമാർ ഇതിനോട് പ്രതികരിച്ചത്.
ചീഫ് സെക്രട്ടറിയുടെ നിർദേശം ഗവർണർ പറഞ്ഞിട്ടാണെന്ന് ന്യായീകരിച്ച് പ്രതിരോധത്തിലായ സർക്കാർ, ഒരു നിർദേശവും നൽകിയിട്ടില്ലെന്ന ലോക്ഭവന്റെ വിശദീകരണം വന്നതോടെ കൂടുതൽ വെട്ടിലായിരിക്കുകയാണ്. വന്ദേമാതരം പൂർണമായും ചൊല്ലാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അതേസമയം, ഈ വിവാദ സർക്കുലർ ചൂണ്ടിക്കാട്ടി സർക്കാർ ബി.ജെ.പിക്ക് പൂർണമായും കീഴടങ്ങിയെന്നാണ് സി.പി.എമ്മിന്റെ ആരോപണം.