02/09/2026
[fontresizer_tawhidurrahmandear_widget]

പൂക്കളമത്സരത്തിന് പകരം പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം; അടിമുടി അവ്യക്തതയും ദുരൂഹതയും

 പൂക്കളമത്സരത്തിന് പകരം പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം; അടിമുടി അവ്യക്തതയും ദുരൂഹതയും

കണ്ണൂർ: കർക്കടക വാവ് ദിനത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള സംഘടനകൾ സംഘടിപ്പിക്കുന്ന വെവ്വേറെ പരിപാടികളിൽ അടിമുടി ആശയക്കുഴപ്പവും വൈരുധ്യവും. പയ്യാമ്പലത്ത് ബലിതർപ്പണത്തിനെത്തുന്ന വിശ്വാസികൾക്കായി സിപിഎം ഉപഭൂശാസ്ത്ര വിഭാഗമായ ഐആർപിസി സേവനസന്നദ്ധതയുമായി രംഗത്തിറങ്ങുമ്പോൾ, പടിയൂരിൽ എകെജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അന്നേ ദിവസം പന്നിയിറച്ചി ചാലഞ്ച് സംഘടിപ്പിക്കുന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

പിതൃതർപ്പണത്തിനായി പയ്യാമ്പലത്തെത്തുന്ന വിശ്വാസികൾക്ക് ലഘുഭക്ഷണം, ആംബുലൻസ്, വൈദ്യസഹായം എന്നിവയാണ് ഐആർപിസി ഒരുക്കുന്നത്. പാർട്ടി വിശ്വാസങ്ങൾക്ക് എതിരല്ലെന്ന സന്ദേശം നൽകുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർട്ടി ഈ മേഖലയിൽ ഇടപെടുന്നത്.

എന്നാൽ, പടിയൂർ കരവൂർ എകെജി വായനശാലയും ഗ്രന്ഥാലയവും ഓണാഘോഷ പരിപാടികളുടെ ഭാഗമെന്നോണമാണ് വാവുദിനത്തിൽ പന്നിയിറച്ചി ചാലഞ്ച് നടത്തുന്നത്. ഒരു കിലോ പന്നിയിറച്ചി 370 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന ഈ പരിപാടി, മുൻകാലങ്ങളിൽ നടത്തിയിരുന്ന പൂക്കളമത്സരത്തിന് പകരമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിശ്വാസികൾ പിതൃസ്മരണ പുതുക്കുന്ന കർക്കടക വാവ് ദിനത്തിൽ തന്നെ ഇത്തരം ഒരു പരിപാടി നടത്തുന്നതിലെ അനൗചിത്യം പ്രാദേശികമായി വലിയ ചർച്ചയായിട്ടുണ്ട്.

വിശ്വാസിസമൂഹത്തെ ഏതു രീതിയിൽ സമീപിക്കണം എന്നതിൽ സിപിഎമ്മിൽ നിലനിൽക്കുന്ന നയപരമായ ആശയക്കുഴപ്പമാണ് ഈ സംഭവങ്ങളിലൂടെ പുറത്തുവരുന്നതെന്നാണ് വിലയിരുത്തൽ. മുൻപ് പി. ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചിരുന്നു. അടുത്തിടെ വയനാട് പുനരധിവാസ ഫണ്ട് സമാഹരണത്തിനായി ഡിവൈഎഫ്ഐ പന്നിയിറച്ചി ചാലഞ്ച് സംഘടിപ്പിച്ചതും വലിയ രീതിയിൽ വിവാദമായിരുന്നു.

Also read: