‘നല്ല തമാശ, ഗെയിം ഓൺ’; ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടിയെന്ന് പ്രകാശ് രാജ്
ബെംഗളൂരു: കർണാടകയിൽ നടക്കുന്ന അതിതീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾക്കിടെ തന്റെ വോട്ടവകാശം റദ്ദാക്കിയതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ്. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരിൽ ഒരാളാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
തന്റെ വോട്ടവകാശം നിഷേധിച്ച നടപടിയെ “നല്ല തമാശ” എന്ന് പരിഹസിച്ചാണ് 61-കാരനായ നടൻ രംഗത്തെത്തിയത്. താൻ ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ഈ മണ്ഡലത്തിലാണെന്നും, മുൻപ് ഇവിടുത്തെ എംപി സ്ഥാനാർത്ഥിയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തമാശ നന്നായിട്ടുണ്ടെന്നും ‘ഗെയിം ഓൺ’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽനിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പ്രകാശ് രാജ് മത്സരിച്ചിരുന്നത്. നിലവിൽ സംസ്ഥാനത്ത് നടക്കുന്ന വോട്ടർ പട്ടിക പരിശോധനയിൽ ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത് ബെംഗളൂരു നഗരത്തിലാണ്.
ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് അടുത്തിടെ ബെംഗളൂരു കോടതി പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെട്ടെന്ന വെളിപ്പെടുത്തലുമായി നടൻ രംഗത്തെത്തിയിരിക്കുന്നത്.