04/09/2026
[fontresizer_tawhidurrahmandear_widget]

നെഞ്ചിൽ അമ്മയെന്ന് ടാറ്റൂ; ഒരേദിവസം രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; കുടുക്കിയത് പ്രണയം നടിച്ച്

 നെഞ്ചിൽ അമ്മയെന്ന് ടാറ്റൂ; ഒരേദിവസം രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; കുടുക്കിയത് പ്രണയം നടിച്ച്

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ച് ഒരേദിവസം ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കെ.വി അനുരാജിനെ (23) പോത്തൻകോട് പൊലീസ് കണ്ണൂരിൽ നിന്ന് രഹസ്യനീക്കത്തിലൂടെയാണ് പിടികൂടിയത്.

ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരികളായ 14-കാരികളെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. ഇൻസ്റ്റഗ്രാം വഴി ആദ്യം ഒരു പെൺകുട്ടിയെയും തുടർന്ന് കൂട്ടുകാരിയെയും പരിചയപ്പെട്ട അനുരാജ്, 20 ദിവസത്തെ പരിചയത്തിന് ശേഷം ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പോത്തൻകോട്ടേക്ക് എത്തുകയായിരുന്നു. പരസ്പരം അറിയാതെയാണ് ഇരുവരും പ്രതിയുമായി അടുപ്പത്തിലായത്.

തുടർന്ന് ആളില്ലാത്ത സമയം പെൺകുട്ടികളിലൊരാളുടെ വീട്ടിൽ എത്തിയ ഇയാൾ ആദ്യ പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കൂട്ടുകാരിയെ വിളിച്ചുവരുത്തുകയുമായിരുന്നു. തുടർന്ന് രണ്ടാമത്തെ പെൺകുട്ടിയെയും പീഡനത്തിനിരയാക്കി. രാത്രിയോടെ വീട്ടിൽ നിന്ന് മടങ്ങിയ പ്രതി ഇവരെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്ത ശേഷം നാട്ടിലേക്ക് കടന്നു.

പിന്നീട് ഇവരുടെ ക്ലാസിലെ മറ്റൊരു പെൺകുട്ടിയെക്കൂടി ഇയാൾ സമാനരീതിയിൽ വലയിലാക്കാൻ ശ്രമിച്ചതോടെയാണ് വിദ്യാർഥിനികൾ വിവരങ്ങൾ വീട്ടുകാരോട് വെളിപ്പെടുത്തിയത്. വീട്ടുകാരുടെ പരാതിയിൽ രണ്ട് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ കണ്ണൂരിൽ നിന്ന് പിടികൂടുകയായിരുന്നു. തളിപ്പറമ്പ് സ്റ്റേഷനിൽ രണ്ട് കേസുകൾ കൂടി നിലവിലുള്ള പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെഞ്ചിൽ ജനനവർഷവും ‘അമ്മ’ എന്ന ടാറ്റൂവും പതിപ്പിച്ചിട്ടുള്ള പ്രതിയുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

Also read: