19/10/2026
[fontresizer_tawhidurrahmandear_widget]

പോലീസുകാരന്റെ ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേസിൽ 3 പേർക്ക് വധശിക്ഷ

 പോലീസുകാരന്റെ ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേസിൽ 3 പേർക്ക് വധശിക്ഷ

റായ്പൂർ: ഛത്തിസ്ഗഡിലെ സൂരജ്‌പുരിൽ പൊലീസ് ഉദ്യോഗസ്‌ഥന്റെ ഭാര്യയെയും 11 വയസുള്ള മകളെയും ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്നുപ്രതികൾക്ക് വധശിക്ഷ. സൂരജ്‌പുർ ജില്ലാ അഡീഷണൽ സെഷൻസ് ജഡ്‌ജ് ആനന്ദ് പ്രകാശാണ് പരമാവധി ശിക്ഷ വിധിച്ചത്. കുൽദീപ് സാഹു (32), ചന്ദ്രകാന്ത് ചൗധരി (28), ഫൂൽ സിങ് (28) എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മറ്റൊരു പ്രതിയായ ആര്യൻ വിശ്വകർമയ്ക്ക് (20) ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം കഠിനതടവും വിധിച്ചു.

2024 ഒക്ടോബർ 13-നാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. സൂരജ്‌പുർ പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ താലിബ് ഷെയ്ഖിന്റെ കുടുംബമാണ് ആക്രമിക്കപ്പെട്ടത്. കൊടും കുറ്റവാളിയായ കുൽദീപ് സാഹുവിന്റെ നേതൃത്വത്തിലുള്ള സംഘം ഹെഡ് കോൺസ്റ്റബിളിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും ക്രൂരമായി ബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നഗ്നമായ മൃതദേഹങ്ങൾ കാറിൽ കയറ്റി അഞ്ചുകിലോമീറ്റർ അകലെയുള്ള വയലിൽ ഉപേക്ഷിക്കുകയായിരുന്നു.

ദുർഗ്ഗാ വിഗ്രഹ നിമജ്ജന ചടങ്ങിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് കുൽദീപ് സാഹുവിനെ അറസ്‌റ്റ് ചെയ്യാൻ ഹെഡ് കോൺസ്‌റ്റബിൾ ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണം. ഘോഷയാത്രയ്ക്കിടെ കോൺസ്‌റ്റബിളിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച കുൽദീപ് സാഹുവിനെ പിടികൂടാൻ താലിബ് ഷെയ്ഖ് ശ്രമിച്ചിരുന്നെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് പോലീസുകാരന്റെ കുടുംബത്തെ പ്രതികൾ ലക്ഷ്യമിട്ടത്.

രണ്ടുവർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം, ബലാൽസംഗം, പോക്സോ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രധാന പ്രതിയായ കുൽദീപ് സാഹുവിന് കോടതി 10 വർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. അതേസമയം, തെളിവുകളുടെ അഭാവത്തിൽ വെടിയുതിർത്തതുൾപ്പെടെയുള്ള മറ്റ് ചില ചെറിയ കേസുകളിൽ നിന്ന് മറ്റ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു.

Also read: