18/08/2026
[fontresizer_tawhidurrahmandear_widget]

‘വാർത്താ സെൻസർഷിപ്പിൽ സർക്കാരിന് പങ്കില്ല; ഞാൻ പറഞ്ഞിട്ടല്ല ആരുടെയും മെറ്റ പോസ്റ്റുകൾ നീക്കുന്നത്; പരാതി നൽകിയാൽ പൂർണ പിന്തുണ നൽകും’: വി.ഡി സതീശൻ

 ‘വാർത്താ സെൻസർഷിപ്പിൽ സർക്കാരിന് പങ്കില്ല; ഞാൻ പറഞ്ഞിട്ടല്ല ആരുടെയും മെറ്റ പോസ്റ്റുകൾ നീക്കുന്നത്; പരാതി നൽകിയാൽ പൂർണ പിന്തുണ നൽകും’: വി.ഡി സതീശൻ

വി.ഡി. സതീശൻ

തിരുവനന്തപുരം: മാധ്യമ വാർത്തകളുടെ സെൻസറിങ്ങിൽ സർക്കാർ യാതൊരുവിധത്തിലും ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. തന്റെ നിർദേശപ്രകാരമല്ല ആരുടെയും മെറ്റ പോസ്റ്റുകൾ മാറ്റിയിട്ടുള്ളതെന്നും, അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പരാതി നൽകിയാൽ സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.

ലയണൽ മെസിയുടെ പേരിലുണ്ടായ തട്ടിപ്പിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കായിക വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങൾ പാലിക്കാതെ കരാർ നൽകിയതിലും ജിഎസ്ടി വെട്ടിപ്പിലും ഉചിതമായ അന്വേഷണം നടത്തും. കഴിഞ്ഞ സർക്കാർ വിഷയം ഏഴുമാസത്തോളം മരവിപ്പിക്കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴുവൻ പാടുമോയെന്നതിൽ സർക്കാരിന്റെയും യുഡിഎഫിന്റെയും നിലപാട് അന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറഞ്ഞ ഒഴിവുകളിലേക്ക് പതിനായിരക്കണക്കിന് ആളുകളെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കുന്ന പിഎസ്സി രീതിയെയും അദ്ദേഹം വിമർശിച്ചു.

വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള കരമാർഗമുള്ള ചരക്കുനീക്കം ഓഗസ്റ്റ് 18-ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കസ്റ്റംസ് ബോണ്ടഡ് ഏരിയ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ലിസ്റ്റിലുള്ള ഗുണഭോക്താക്കൾക്ക് 2 ലക്ഷം രൂപ വീതം നൽകാൻ 5 കോടിയിലധികം രൂപ അധികമായി അനുവദിച്ചു.

പൊതുമേഖലാ ജീവനക്കാരുടെ ബോണസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതിനൊപ്പം പിഎംഎഡബ്ല്യു.വൈ നഗരം-2 പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവെക്കാനും തീരുമാനമായി. കേന്ദ്രത്തിന്റെ ‘ദ മിനറൽസ് ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻസ് ഭേദഗതി ബിൽ’ സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കാൻ വിദഗ്ധ സമിതി റിപ്പോർട്ടുകൾ പരിശോധിച്ച് ഹ്രസ്വ-ദീർഘകാല നടപടികൾ സ്വീകരിക്കുമെന്നും മരണപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരവും വീടും നൽകുമെന്നും ഉറപ്പുനൽകി.

Also read: