‘എൻഎസ്എസ് വഴി കിട്ടുന്ന കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്ന് സമുദായം ഓർക്കണം’- കെ.ബി ഗണേഷ്കുമാർ
കൊല്ലം: നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ വീണ്ടും രംഗത്ത്. എൻഎസ്എസ് വഴി സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളും കാര്യങ്ങളും സുകുമാരൻ നായരുടെ ഔദാര്യമല്ലെന്ന് സമുദായം തിരിച്ചറിയണമെന്ന് അദ്ദേഹം കൊല്ലത്ത് പറഞ്ഞു. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേടുകൾ ജനങ്ങൾ അറിയണമെന്നും, എന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി.
മന്നത്ത് പത്മനാഭന്റെ ആചാരങ്ങളും പാരമ്പര്യവുമാണ് വലുതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, എൻഎസ്എസിൽ പ്രവർത്തിച്ച് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നും ഓർമിപ്പിച്ചു. ഡയറക്ടർ ബോർഡ് യോഗങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാൻ അനുവാദമില്ലാത്ത അവസ്ഥയാണെന്നും, മുൻപ് ഡയറക്ടർ ബോർഡ് അംഗമായിരുന്നപ്പോൾ ചോദ്യങ്ങൾ ഉന്നയിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഗണേഷ് കുമാർ സൂചിപ്പിച്ചു. എന്നാൽ സുകുമാരൻ നായർക്കെതിരെ കേസ് കൊടുക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും, അങ്ങനെ ചെയ്താൽ തന്റെ സ്വന്തം പണം ചെലവാക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിലെ അഴിമതികൾക്കും തെറ്റുകൾക്കും എതിരെ തുടർന്നും തുറന്നുപറയുമെന്ന് വ്യക്തമാക്കിയ ഗണേഷ് കുമാർ, സാധാരണക്കാരായ നായർ സമുദായാംഗങ്ങൾക്കൊപ്പമാണ് താനെന്നും കൂട്ടിച്ചേർത്തു. അതേസമയം, ഗണേഷ് കുമാറിന്റെ ആരോപണങ്ങളോട് തൽക്കാലം പ്രതികരിക്കുന്നില്ലെന്ന് സുകുമാരൻ നായർ അറിയിച്ചു.