‘നഷ്ടപരിഹാരമല്ല വേണ്ടത്, ശിക്ഷിക്കണം’; കോഴിയുടെ കാലൊടിച്ച അയൽവാസിക്കെതിരെ പരാതിയുമായി വയോധിക
ഹൈദരാബാദ്: തെലങ്കാനയിൽ തന്റെ കോഴിയുടെ കാലൊടിച്ചെന്ന പരാതിയുമായി അയൽവാസിക്കെതിരെ പരാതിയുമായി വയോധിക. നൽഗൊണ്ട ജില്ലയിലെ ഗൊല്ലഗുഡം ഗ്രാമത്തിലാണ് സംഭവം. ഗംഗമ്മ എന്ന വയോധികയാണ് പരാതിയുമായി നക്രേക്കൽ പോലീസ് സ്റ്റേഷനിൽ എത്തിയത്.
തന്റെ പറമ്പിലേക്ക് കടന്നതിലുള്ള ദേഷ്യത്തിൽ അയൽവാസിയായ വിരാബോയ്‌നയുടെ മകൻ രാജേഷ് കോഴിയുടെ കാലിനുനേരെ വടി എറിയുകയായിരുന്നുവെന്നും, ഏറുകൊണ്ട് കോഴിയുടെ രണ്ടു കാലുകളും ഒടിഞ്ഞെന്നുമാണ് ഗംഗമ്മയുടെ പരാതി.
കഴിഞ്ഞ വർഷവും സമാനമായ പരാതിയുമായി പരിക്കേറ്റ കോഴിയെയും എടുത്തുകൊണ്ടാണ് ഗംഗമ്മ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നത്. തനിക്ക് നഷ്ടപരിഹാരമല്ല വേണ്ടതെന്നും കോഴിയെ ഉപദ്രവിച്ച വ്യക്തിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും വയോധിക ആവശ്യപ്പെട്ടു.
സംഭവം വാർത്തയായതോടെ വയോധികയെ പരിഹസിച്ച് നിരവധിയാളുകൾ രംഗത്തെത്തി. എന്നാൽ പരാതിയിൽ നിന്ന് പിന്മാറില്ലെന്ന് ഗംഗമ്മ ഉറപ്പിച്ചു പറഞ്ഞതോടെ ഗ്രാമമധ്യസ്ഥർ വഴി വിഷയം ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെങ്കിലും വയോധിക വഴങ്ങിയില്ല.
മുമ്പ് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുക്കാൻ പോലീസ് നിയമോപദേശം തേടിയിരുന്നു. നിലവിൽ വയോധികയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമത്തിലാണെന്ന് നക്രേക്കൽ സർക്കിൾ ഇൻസ്‌പെക്ടർ എം. രാജശേഖർ വ്യക്തമാക്കി.