18/08/2026
[fontresizer_tawhidurrahmandear_widget]

വന്ദേമാതര വിവാദം; സോണിയ ഗാന്ധിക്ക് പിന്തുണയുമായി എംഎ ബേബി

 വന്ദേമാതര വിവാദം; സോണിയ ഗാന്ധിക്ക് പിന്തുണയുമായി എംഎ ബേബി

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ഗാനാലാപനവുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി എം.എ ബേബി. സോണിയക്കെതിരെ നടക്കുന്നത് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണെന്നും പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകളെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് സംഭവിച്ച കാര്യങ്ങൾ പാർട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് അവർ കൂടുതൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, വന്ദേമാതരത്തെ അപമാനിച്ചെന്ന ആരോപണത്തിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപി. ഹൈദരാബാദിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ സോണിയക്കെതിരെ പ്രതിഷേധ പ്രകടനം നടന്നു. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചടങ്ങിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പരാതികൾ നൽകാനാണ് ബിജെപിയുടെ നീക്കം. കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കുമെതിരെ വിഷയം സജീവ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.

നിലവിൽ രണ്ട് പരാതികളാണ് സോണിയയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മംഗളൂരുവിലെ ഉർവ പൊലീസ് സ്റ്റേഷനിൽ ബിജെപി നേതാവ് വികാസ് പുറ്റൂരാണ് ആദ്യ പരാതി നൽകിയത്. ഡൽഹി ഐ.പി. എസ്റ്റേറ്റ് സ്റ്റേഷനിൽ ആർഎസ്എസ് അനുകൂലികളായ രണ്ട് അഭിഭാഷകർ സമർപ്പിച്ച രണ്ടാമത്തെ പരാതിയിൽ രാഹുൽ ഗാന്ധിയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഗാനാലാപനം പൂർണ്ണമാകുന്നത് ഒഴിവാക്കാൻ സോണിയ ഗാന്ധി ഇടപെട്ടു എന്നാണ് പ്രധാന ആരോപണം. ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദേശം മറികടന്ന് പൂർണ്ണമായി ആലപിച്ചതിനെക്കുറിച്ച് പാർട്ടി ഹൈക്കമാൻഡ് അന്വേഷണം നടത്താനും ശക്തമായ നടപടിയെടുക്കാനും ഒരുങ്ങുന്നതായാണ് സൂചന.

Also read: