‘അറസ്റ്റ് ചെയ്തോളൂ, പക്ഷേ, തകർന്നുകിടക്കുന്ന എല്ലാ സ്‌കൂളുകളും ശരിയാക്കാതെ ഞങ്ങൾ പിന്മാറില്ല’; രാജസ്ഥാൻ സർക്കാരിനെതിരെ സിജെപി
ന്യൂഡൽഹി: സർക്കാർ സ്‌കൂളുകളിൽ പ്രവേശിക്കുന്നതിന് പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക. വിദ്യാഭ്യാസമന്ത്രി മദൻ ദിലാവറിനെതിരെ രംഗത്തെത്തിയ അദ്ദേഹം, സംസ്ഥാനത്തെ ജീർണ്ണാവസ്ഥയിലുള്ള സ്‌കൂളുകളിൽ തങ്ങളുടെ പരിശോധന തുടർന്നുതന്നെ കൊണ്ടുപോകുമെന്നും പോലീസ് നടപടി ഉണ്ടായാലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.
“രാജസ്ഥാനിലെ തകർന്നുകിടക്കുന്ന എല്ലാ സ്‌കൂളുകളും ശരിയാക്കുക. അല്ലെങ്കിൽ ഞങ്ങൾക്കെതിരെ മുൻകൂട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം, വേണമെങ്കിൽ മുൻകൂട്ടി അറസ്റ്റ് ചെയ്യാം. സർക്കാരും പൊലീസും നിങ്ങളുടേതാണ്. എന്നാൽ രാജസ്ഥാനിലെ എല്ലാ സ്‌കൂളുകളും ശരിയാകുന്നതുവരെ ഞങ്ങൾ കാമ്പയിൻ നിർത്തില്ല” – അശുതോഷ് എക്സിൽ കുറിച്ചു.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് സംബന്ധിച്ച് ഓഗസ്റ്റ് 16-നാണ് ബിക്കാനീറിലെ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്‌ടർ ലളിത് കുമാർ പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചത്. ‘ഇൻ ലോക്കോ പാരൻ്റീസ്’ എന്ന തത്വവും, ഭരണഘടനയുടെ 21-ാം അനുച്ഛേദവും, സുപ്രീം കോടതിയുടെ കെ.എസ്. പുട്ടസ്വാമി സ്വകാര്യതാ വിധിയും, ബാലാവകാശ കമ്മീഷന്റെ (എൻ.സി.പി.സി.ആർ) മാർഗനിർദേശങ്ങളും മുൻനിർത്തിയാണ് ഈ നിയന്ത്രണം.