‘ഇത് മോദിയുടെയോ എൻ്റെയോ വീട്ടിൽ നിന്നുള്ള ഫണ്ടല്ല, കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട ‘പിശാചുക്കൾ’ പ്രായശ്ചിത്തം ചെയ്യണം’; പുലിക്കളി ധനസഹായം വൈകിയത് രാഷ്ട്രീയ കളിയെന്ന് സുരേഷ് ഗോപി
സുരേഷ് ഗോപി
തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം വൈകിക്കുന്നതിനായി ഉദ്യോഗസ്ഥരെയും വകുപ്പുകളെയും കൂട്ടുപിടിച്ച് അധമ രാഷ്ട്രീയ പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ വെച്ച് പുലിക്കളി സംഘങ്ങൾക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കേന്ദ്ര സഹായധനം വിതരണം ചെയ്ത ചടങ്ങിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം തുറന്നടിച്ചത്.
മോദിയുടെയും അമിത്ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽ നിന്നല്ല ഈ ഫണ്ട് കൊടുക്കുന്നതും. ഇന്ത്യയുടെ ഫണ്ടാണ് കൊടുക്കുന്നത്. സംഘങ്ങൾ മാനദണ്ഡങ്ങൾ തുടങ്ങി അംഗങ്ങൾ വായിച്ചു മനസ്സിലാക്കണമെന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ധനസഹായം കൈമാറുന്ന ചടങ്ങിലാണ് സുരേഷ് ഗോപിയുടെ വിമർശനം
ടൂറിസം വകുപ്പും ചില ഉദ്യോഗസ്ഥരും തനിക്കെതിരെ ഹീനമായ രാഷ്ട്രീയ കളികളാണ് നടത്തിയത്. ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ടൂറിസം സെക്രട്ടറി ബിജുവിനെ പലതവണ നേരിട്ട് വിളിച്ചിരുന്നതായും തനിക്ക് ഇതിൽ നേരിട്ട് പങ്കാളിയാകണമെന്ന് വ്യക്തമാക്കിയതുമാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു വിവരവുമില്ലാത്ത ലൊട്ടുലൊടുക്ക് ഉദ്യോഗസ്ഥർക്കല്ല താൻ നിർദ്ദേശങ്ങൾ അയച്ചതെന്നും, ഒരു സംസ്ഥാനത്തിന്റെ വകുപ്പ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കുമാണ് കൃത്യമായ നിർദ്ദേശങ്ങൾ കൈമാറിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഫണ്ട് വൈകിപ്പിച്ചതിൽ പങ്കാളികളായ മുൻ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഒരു കത്ത് കിട്ടാതെ കേന്ദ്രത്തിന് ഫണ്ട് അനുവദിക്കാനാകില്ലായിരുന്നുവെന്നും, ഒടുവിൽ പുലിക്കളിക്ക് എട്ടു ദിവസം മുമ്പ് താൻ ഇക്കാര്യം പൊതുമധ്യത്തിലെത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് നടപടിയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ചെയ്യാത്ത ഒരു തെറ്റിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട ‘പിശാചുക്കൾ’ ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് സുരേഷ് ഗോപി ആഞ്ഞടിച്ചു. തൃശൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയായ ഒരാളാണ് ഇതിനെല്ലാം കുടപിടിച്ചതെന്നും ഇത്രയും അധമനാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഭൂമിമലയാളത്തിൽ ഇന്നുവരെ പുലിക്കളിക്ക് കേന്ദ്ര സർക്കാർ തലത്തിൽ നിന്ന് നേരിട്ട് പണം അനുവദിച്ച ചരിത്രമുണ്ടായിട്ടില്ല. രാഷ്ട്രീയത്തിനതീതമായി തൃശൂരിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതും തനിക്ക് ടൂറിസം വകുപ്പിന്റെ ചുമതല ലഭിച്ചതുമാണ് പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിച്ചവരുടെ വായ ഇനി തുറക്കാൻ പാടില്ലെന്നും ഇക്കാര്യം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരിൽ വരാനിരിക്കുന്ന ഏതൊരു രാഷ്ട്രീയ വിവാദങ്ങളെയും നെഞ്ചുവിറിച്ച് നേരിടാൻ താൻ തയ്യാറാണെന്നും വരുന്നവർ വരട്ടെയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.