‘അഭിജീത് ദിപ്കെ ചുറുചുറുക്കുള്ള നേതാവ്’: സിജെപി സ്ഥാപകനെ എൻഡിഎയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേർന്ന് ഡോ. ബാബാസാഹേബ് അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ദീപ്കെ തയ്യാറാകണമെന്ന് ഇന്നലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി ആവശ്യപ്പെട്ടു.
അഭിജീത് ദിപ്കെ ചുറുചുറുക്കുള്ള ഒരു അംബേദ്കറൈറ്റ് നേതാവാണെന്നാണ് കരുതുന്നതെന്നും, അദ്ദേഹം പാർട്ടിയിൽ എത്തുന്നത് സംഘടനയെയും സമൂഹത്തെയും ഒരുപോലെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും രാംദാസ് അത്താവലെ വ്യക്തമാക്കി. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും അതിനാൽ ദിപ്കെ ഭരണപക്ഷത്തിനൊപ്പം ചേരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ കേന്ദ്രമന്ത്രിയുടെ ക്ഷണത്തോട് ദിപ്കെ ഇതുവരെ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള ദിപ്കെ, രാജ്യത്തിന് ഇപ്പോൾ ആവശ്യം രാഷ്ട്രീയ പാർട്ടിയല്ലെന്നും ജനകീയ മുന്നേറ്റമാണെന്നുമാണ് മുൻപ് വ്യക്തമാക്കിയിട്ടുള്ളത്. ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് രാഷ്ട്രീയ വ്യവസ്ഥിതിയിലും തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.