മാസപ്പടി കേസ്: വീണയ്‌ക്കെതിരെ ഫെമ ചുമത്തും, റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അന്വേഷണം
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിക്കുന്നു. 2021-ൽ ‘സോളസ്’ പരസ്യക്കമ്പനിക്ക് വീണ വിജയൻ പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ തുക തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഉപയോഗിച്ചതെന്നാണ് ഇഡിക്ക് ലഭിച്ച പ്രാഥമിക വിവരം. കമ്പനിക്ക് നൽകിയ തുക സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതാണോ എന്ന കാര്യത്തിൽ ഇഡി വരുംദിവസങ്ങളിൽ വ്യക്തത വരുത്തും. വീണയുടെ ഡയറിയിൽ നിന്നാണ് ഈ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങൾ ലഭിച്ചത്.
അതേസമയം, കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ വിദേശനാണയ വിനിമയ നിരോധന നിയമപ്രകാരം (ഫെമ) കേസ് ചുമത്തും. ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വീണയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയ ഇഡി, ഈ പണം ആർക്കാണ് കൈമാറിയതെന്ന് വിശദമായി പരിശോധിക്കും. വരുമാന പരിധിക്കും അപ്പുറമുള്ള വീണയുടെ പണമിടപാടുകളിൽ കൂടുതൽ അന്വേഷണം നടക്കും. വീണ ഉപയോഗിച്ചിരുന്ന സിം കാർഡ് റിയാസിന്റെ സുഹൃത്തായ നന്ദുലാലിന്റെ പേരിലുള്ളതാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എന്തിനാണ് സിം കാർഡ് നൽകിയതെന്ന് അറിയില്ലെന്നാണ് നന്ദുലാൽ നൽകിയ മൊഴി. ഇന്റർനെറ്റ് കോളിനായാണ് വീണ ഈ സിം കാർഡ് ഉപയോഗിച്ചതെന്നാണ് ഇഡിയുടെ നിഗമനം.
കേസിൽ വീണയെ വൈകാതെ തന്നെ ഇഡി വീണ്ടും ചോദ്യം ചെയ്യും. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിട്ടുള്ള വീണയെ വീണ്ടും വിളിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. വീണയ്‌ക്കെതിരെയുള്ള കണ്ടെത്തലുകൾ ഉൾപ്പെടുത്തി ഇഡി വാർത്താക്കുറിപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് തുടരന്വേഷണം ശക്തമാക്കിയത്. വീണയുടെ ഡയറിയിൽ നിന്ന് ഇരുപത് കോടി രൂപയിലധികം വരുന്ന ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഇഡിക്ക് ലഭിച്ചത്. ഹവാല ചാനലുകളിലൂടെ പണം കൈമാറിയത് ആർക്കാണ്, 85 ലക്ഷം രൂപ ദുബായിലേക്ക് മാറ്റിയത് ആർക്കു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളിലാണ് ഇഡി വ്യക്തത വരുത്താൻ ശ്രമിക്കുന്നത്.
അതിനിടെ, കേസിന്റെ ഭാഗമായി പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ വിശകലനം ഇന്ന് ആരംഭിച്ചേക്കും. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഒൻപത് കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിലായിരുന്നു പരിശോധന. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇഡി. ഇതിനായി ബന്ധപ്പെട്ടവർക്ക് സമൻസ് അയക്കാനുള്ള നടപടികൾ ഇഡി ആരംഭിച്ചു.