02/09/2026
[fontresizer_tawhidurrahmandear_widget]

‘മുന്നിൽ ക്യാമറയുണ്ടെന്ന ബോധം വേണം, സോഷ്യൽ മീഡിയയിൽ ട്രോളാവാതെ നോക്കണം; അനാവശ്യമായി പൊട്ടിത്തെറിക്കരുത്’: ജെൻസികളെ നേരിടാൻ ഡൽഹി പൊലീസിന് കേന്ദ്ര മുന്നറിയിപ്പ്

 ‘മുന്നിൽ ക്യാമറയുണ്ടെന്ന ബോധം വേണം, സോഷ്യൽ മീഡിയയിൽ ട്രോളാവാതെ നോക്കണം; അനാവശ്യമായി പൊട്ടിത്തെറിക്കരുത്’: ജെൻസികളെ നേരിടാൻ ഡൽഹി പൊലീസിന് കേന്ദ്ര മുന്നറിയിപ്പ്

ന്യൂഡൽഹി: തലസ്ഥാനത്ത് ജെൻസി വിഭാഗത്തിൽപ്പെട്ട പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സംയമനവും സ്വാഭാവിക പെരുമാറ്റവും ഉറപ്പാക്കാൻ ഡൽഹി പൊലീസിന് കേന്ദ്ര ഏജൻസികളുടെ പ്രത്യേക നിർദേശം. സോഷ്യൽ മീഡിയയിൽ ട്രോളുകളോ വൈറൽ റീലുകളോ ആകുന്നത് ഒഴിവാക്കാൻ ക്യാമറകൾക്ക് മുന്നിൽ പ്രകോപനമില്ലാതെയും ശാന്തമായും പ്രവർത്തിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.

സമരക്കാർ ബോധപൂർവം നിലത്ത് കിടന്നുരുളുകയോ ഉച്ചത്തിൽ കരയുകയോ ചെയ്തേക്കാമെന്നും, ദേഷ്യം പിടിപ്പിക്കാനോ അനുകമ്പ പിടിച്ചുപറ്റാനോ ശ്രമിച്ചാലും അത്തരം പ്രകോപനങ്ങളിൽ വീഴരുതെന്നും നിർദേശമുണ്ട്. “അനാവശ്യമായി പൊട്ടിത്തെറിക്കുന്നതിന് പകരം, ‘ഇത് ഞങ്ങളുടെ ഡ്യൂട്ടിയാണ്, ദയവുചെയ്‌ത്‌ സഹകരിക്കണം’ എന്ന് മാത്രം പറഞ്ഞ് മിണ്ടാതിരിക്കുക,” എന്ന് മാർഗനിർദേശത്തിൽ ഓർമ്മിപ്പിക്കുന്നു.

18 മുതൽ 28 വയസ്സ് വരെയുള്ള യുവാക്കൾ പരമ്പരാഗത രീതിയിലല്ല പ്രതിഷേധിക്കുന്നത്. പൊലീസിന്റെ വൈകാരിക പ്രതികരണങ്ങളാണ് അവർ കണ്ടന്റുകളാക്കുന്നത്. അതിനാൽ പൂർണ സംയമനം പാലിക്കുന്നതാണ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കാൻ ഉചിതം.

പ്രധാന നിർദേശങ്ങൾ:

  • വനിതാ ഉദ്യോഗസ്ഥർ: വനിതാ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ വനിതാ പൊലീസുകാരെ മാത്രം നിയോഗിക്കുക.
  • വൈദ്യസഹായം: പ്രതിഷേധക്കാർക്ക് പരിക്കേൽക്കുകയോ ബോധരഹിതരാകുകയോ ചെയ്താൽ ഉദ്യോഗസ്ഥർ തന്നെ മുൻകൈയെടുത്ത് ആംബുലൻസ് വിളിക്കുകയും വഴിയൊരുക്കുകയും ചെയ്യണം.
  • സൗജന്യങ്ങൾ നിരസിക്കുക: സമരക്കാർ നൽകുന്ന പൂക്കൾ, ചായ, മധുരപലഹാരങ്ങൾ എന്നിവ സ്വീകരിക്കരുത്; ഇത് പിന്നീട് ബാധ്യതയായേക്കാം.

കഴിഞ്ഞ മാസം ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിൽ മുതിർന്ന ഉദ്യോഗസ്ഥരും വനിതകളുമടക്കം 118 പൊലീസുകാർക്കും അറുപതോളം സമരക്കാർക്കും പരിക്കേറ്റിരുന്നു.

Also read: