02/09/2026
[fontresizer_tawhidurrahmandear_widget]

ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്, നേതാക്കളുമായി ചർച്ച നടത്തി; സംസ്ഥാന അധ്യക്ഷനായേക്കും

 ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്, നേതാക്കളുമായി ചർച്ച നടത്തി; സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച പ്രമുഖ ചലച്ചിത്ര നടൻ ദേവൻ, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിൽ ചേർന്നേക്കും. ഇതിന്റെ മുന്നോടിയായി പാർട്ടി നേതാക്കളുമായി അദ്ദേഹം പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി.

വെള്ളിയാഴ്ച ദേവന്റെ ചാലക്കുടിയിലെ വീട്ടിലെത്തിയാണ് രണ്ട് ടിവികെ നേതാക്കളും നടി പ്രിയങ്കയും ചർച്ച നടത്തിയത്. ചില നേതാക്കളുമായി ഓൺ‌ലൈൻ വഴിയും ആശയവിനിമയം നടന്നു. സെപ്റ്റംബർ 10-ന് ശേഷം ചെന്നൈയിൽ വെച്ച് വിജയുമായി ദേവൻ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും പാർട്ടി പ്രവേശനത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകുക. ടിവികെയുടെ കേരള ഘടകം സംസ്ഥാന അധ്യക്ഷനായി ദേവനെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. വിജയ്ക്കൊപ്പം ആറോളം ചിത്രങ്ങളിൽ ദേവൻ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്.

നേരത്തെ, കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് ബിജെപിയിൽ നിന്നുള്ള രാജി ദേവൻ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാന ബിജെപിയിൽ അത് കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ദേവൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

Also read: