നഷ്ടപ്പെട്ട എടിഎം കാർഡ് നൽകാൻ ഓട്ടോയിൽ 14 മണിക്കൂർ യാത്ര’; അമേരിക്കൻ വനിതയുടെ ഹൃദയം കവർന്ന് മലയാളി യുവാവ്
തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു അമേരിക്കൻ യുവതിക്ക് കേരളം സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു നന്മയുടെ പാഠമാണ്. നഷ്ടപ്പെട്ടുപോയ എടിഎം കാർഡ് യുവതിക്ക് തിരികെ നൽകാൻ ഒരു മലയാളി കാണിച്ച നല്ലമനസ്സും കഷ്ടപ്പാടുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹൃദയം കീഴടക്കുന്നത്.
ന്യൂയോർക്ക് സ്വദേശിനിയായ ഇന്ത്യ വിറ്റ്കിൻ എന്ന ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ യുവതിയാണ് സംഭവം ഓൺലൈനിൽ പങ്കുവെച്ചത്. കേരളത്തിലെ ഒരു ചെറിയ ബീച്ച് സന്ദർശിക്കുന്നതിനിടയിലാണ് യുവതി ഡെബിറ്റ് കാർഡ് എടിഎം മെഷീനിൽ മറന്നുവെച്ചു പോകുന്നത്. അവിടെ നിന്നും അഞ്ചു മണിക്കൂർ യാത്ര ചെയ്ത് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് കാർഡ് കയ്യിലില്ലെന്ന കാര്യം മനസ്സിലാക്കുന്നതെന്ന് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
രാവിലെ യുഎസിലേക്ക് പാഴ്സൽ അയക്കാൻ വേണ്ടി ഒരു ഡിഎച്ച്എൽ കൊറിയർ ഓഫീസിൽ പോയ ശേഷം പണമെടുക്കാൻ എടിഎമ്മിൽ കയറിയപ്പോഴായിരുന്നു കാർഡ് മറന്നുവെച്ചത്. കാർഡ് നഷ്ടപ്പെട്ടെന്ന് മനസ്സിലായ ഉടൻ തന്നെ കൊറിയർ ഓഫീസിലെ ജീവനക്കാരനെ വിളിച്ച് കാര്യം പറഞ്ഞു. എടിഎമ്മിൽ കാർഡ് ഉണ്ടോ എന്ന് ഒന്ന് നോക്കാമോ എന്ന് ചോദിച്ചു. 24 മണിക്കൂറിന് ശേഷം എടിഎം മെഷീന്റെ മുകളിൽ തന്നെ കാർഡ് കണ്ടെത്തി.
എന്നാൽ കാർഡ് തിരികെ വാങ്ങുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അടുത്ത 36 മണിക്കൂറിനുള്ളിൽ യുവതിക്ക് ഇന്ത്യയിൽ നിന്ന് പോകേണ്ടിയിരുന്നു. കൂടാതെ അന്ന് ഞായറാഴ്ചയായതിനാൽ കൊറിയർ സർവീസുകളും ലഭ്യമായിരുന്നില്ല. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച ഘട്ടത്തിലാണ് ആ ഡിഎച്ച്എൽ ജീവനക്കാരൻ വീണ്ടും രക്ഷകനായെത്തിയത്.
അന്ന് രാത്രി വൈകി യുവാവ് യുവതിയെ ഫോണിൽ വിളിച്ച് പുറത്തേക്ക് വരാൻ പറഞ്ഞു. ഓട്ടോറിക്ഷയിൽ 6 മണിക്കൂർ വണ്ടിയോടിച്ച് കാർഡ് നേരിട്ട് ഏൽപ്പിക്കാൻ അദ്ദേഹം രണ്ട് സുഹൃത്തുക്കൾക്കൊപ്പം യുവതിയുടെ അടുത്തെത്തി. തന്റെ അവധിദിവസമായിട്ടുകൂടി, വന്ന് പോകാനായി ആകെ 14 മണിക്കൂറോളമാണ് അദ്ദേഹം യാത്ര ചെയ്തതെന്ന് യുവതി പറയുന്നു.
കഷ്ടപ്പാടിന് താൻ പണം നൽകാൻ നോക്കിയെങ്കിലും താൻ ഒരു ബഡ്ജറ്റ് ട്രാവലറാണെന്ന് മനസ്സിലാക്കി, അത് നിങ്ങളുടെ കയ്യിൽ ഇരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞതായും ഇന്ത്യ വിറ്റ്കിൻ പറഞ്ഞു. കൃഷ്ണയെന്നാണ് യുവാവിന്റെ പേരെന്നും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സംരക്ഷണത്തിന്റെയും ദൈവത്തിന്റെ പേരെന്നും യുവതി സംഭവം വിവരിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. യുവാവിന്റെ നല്ല മനസിനെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വൈറൽ വീഡിയോയിൽ നിറയുന്നത്.