വോട്ട് ചെയ്യാത്തവർക്കായി പ്രവർത്തിക്കില്ലെന്ന് ബിജെപി എംഎൽഎ; മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ ഒരു മാസത്തോളമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ
കൊൽക്കത്ത: വോട്ട് ചെയ്യാത്ത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകില്ലെന്ന ബിജെപി എംഎൽഎ ഋതേഷ് തിവാരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കൊൽക്കത്തയിലെ ന്യൂനപക്ഷ ഭൂരിപക്ഷ പ്രദേശത്ത് കുടിവെള്ള വിതരണം നിലച്ചതായി പരാതി. കാശീപ്പൂർ-ബെൽഗാച്ചിയ മണ്ഡലത്തിലെ കൊൽക്കത്ത മുൻസിപ്പൽ കോർപറേഷൻ ആറാം വാർഡിൽ പെടുന്ന ജ്യോതി നഗർ കോളനിയിലാണ് (മൊല്ലാ പാര) ഒരു മാസത്തോളമായി അയ്യായിരത്തോളം വരുന്ന കുടുംബങ്ങൾ കുടിവെള്ളത്തിനായി വലയുന്നത്.
ജൂലൈ 27-ന് പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾക്കെത്തിയ ജീവനക്കാർ ജൂലൈ 29-ഓടെ ജലവിതരണവും തൊട്ടടുത്ത ദിവസം വൈദ്യുതി ബന്ധവും വിച്ഛേദിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. സമീപത്തെ ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ വിതരണം തടസ്സമില്ലാതെ തുടരുമ്പോഴാണ് വിവേചനം. തനിക്ക് വോട്ട് ചെയ്യാത്തവർക്കായി പ്രവർത്തിക്കില്ലെന്ന എംഎൽഎയുടെ വീഡിയോ സന്ദേശം ചൂണ്ടിക്കാട്ടി ഭരണകൂടം മനഃപൂർവം വെള്ളം തടയുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
കുടിവെള്ളത്തിനായി ജീവൻ പണയം വെച്ച് ഗംഗാ നദിയുടെ ഘാട്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. ചെറിയ കുട്ടികൾ അപകടകരമായ രീതിയിൽ നദിയിലിറങ്ങുന്നത് വലിയ സുരക്ഷാ ഭീഷണിയാകുന്നുണ്ട്. പ്രദേശത്തെ മസ്ജിദിൽ വുളൂഅ് ചെയ്യാനുള്ള വെള്ളവും ലഭ്യമല്ല.
മുൻസിപ്പൽ കോർപറേഷൻ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പ്രാദേശിക തൃണമൂൽ കോൺഗ്രസ് കൗൺസിലർ സുമൻ സിങ് വിഷയത്തിൽ ഇടപെടുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിലവിൽ സിപിഐഎമ്മിന്റെയും പശ്ചിംബംഗ ബസ്തി ഉന്നയൻ സമിതിയുടെയും നേതൃത്വത്തിലാണ് പ്രദേശത്ത് ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നത്. ഒഴിപ്പിക്കൽ നടപടികൾക്കെതിരെ കോടതി സ്റ്റേ ഉത്തരവുണ്ടെങ്കിലും ജലവിതരണം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.