‘മമത തോറ്റാലേ മുടി വളർത്തൂ’; ശപഥം അവസാനിപ്പിച്ച് ബിജെപി എംഎൽഎ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെ ശപഥം അവസാനിപ്പിച്ച് ബിജെപി എംഎൽഎ കൗസ്തവ് ബാഗ്ചി. തൃണമൂൽ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി മമതാ ബാനർജിയെയും അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ തന്റെ തല മുടി വളർത്തുകയില്ല എന്നായിരുന്നു കൗസ്തവ് ബാഗ്ചിയുടെ തീരുമാനം. ബംഗാൾ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ പരാജയപ്പെട്ടതോടെ തന്റെ ലക്ഷ്യം പൂർത്തിയായെന്നും ഇനി തനിക്ക് മുടി വളർത്താമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി മൊട്ടയടിച്ചാണ് കൗസ്തവ് പൊതുവേദികളിലും നിയമസഭയിലും പ്രത്യക്ഷപ്പെട്ടിരുന്നത്. മമതാ ബാനർജിയുടെ ഭരണത്തിനെതിരെയുള്ള തന്റെ പോരാട്ടത്തിന്റെ അടയാളമായിരുന്നു ഈ വ്രതമെന്ന് അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു. ബംഗാളിലെ ജനങ്ങൾ തൃണമൂൽ കോൺഗ്രസിന് കൃത്യമായ മറുപടി നൽകിയെന്നും ഇപ്പോൾ തന്റെ ശപഥം പൂർത്തീകരിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിചേർത്തു.
ബിജെപി തങ്ങളുടെ വിജയലക്ഷ്യം കൈവരിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഒരു പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമായെന്നും വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം തന്റെ വ്രതം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിൽ പഴയ രൂപത്തിലേക്ക് താൻ മടങ്ങിയെത്തുമെന്നും കൗസ്തവ് ബാഗ്ചി മാധ്യമങ്ങളെ അറിയിച്ചു. കൗസ്തവിന്റെ ഈ വേറിട്ട പ്രതിഷേധ രീതി ബംഗാൾ രാഷ്ട്രീയത്തിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.