‘വിദേശത്ത് ബുദ്ധിപരമായ വാക്കുകൾ, സ്വന്തം നാട്ടിൽ മൗനം; വാക്കുകളല്ല പ്രവർത്തികളാണ് സംസാരിക്കേണ്ടത്’: മോഹൻ ഭഗവതിനെതിരെ കപിൽ സിബൽ
ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ ന്യൂയോർക്ക് പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. വിദേശത്ത് ചെന്ന് ബുദ്ധിപൂർവമായ വാക്കുകൾ പറയുന്നവർ സ്വന്തം നാട്ടിലെ വിഷയങ്ങളിൽ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാക്കുകൾക്കും വാഗ്ദാനങ്ങൾക്കുമല്ല, പ്രവർത്തികൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു.
ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ സംഘടിപ്പിച്ച ‘യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻ’ പരിപാടിയിലാണ് മോഹൻ ഭഗവത് സംസാരിച്ചത്. ‘നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ ഡിഎൻഎയിലുണ്ട്’ എന്നും വൈവിധ്യങ്ങളെ ആഘോഷിക്കുകയും സംരക്ഷിക്കുകയും വേണമെന്നും ഭഗവത് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. 6,000-ത്തോളം വരുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെയും വിവിധ മതനേതാക്കളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ന്യൂയോർക്കിൽ ഭഗവത് പറയുന്നു: ‘വൈവിധ്യം നമ്മുടെ ആന്തരികമായ ഐക്യത്തിന്റെ അലങ്കാരമാണ്, അത് സംരക്ഷിക്കപ്പെടണം’. വിദേശത്ത് ബുദ്ധിപൂർവമായ വാക്കുകൾ, സ്വന്തം നാട്ടിൽ മൗനം! വാക്കുകൾക്കല്ല കാര്യം, പ്രവർത്തികളാണ് സംസാരിക്കേണ്ടത്”- കപിൽ സിബൽ എക്സിൽ കുറിച്ചു.
സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു മോഹൻ ഭഗവതിന്റെ പ്രസംഗം. നാനാത്വത്തിലെ ഏകത്വം ലോകത്തിന് ബോധ്യപ്പെടുത്തി കൊടുക്കലാണ് ഭാരതത്തിന്റെ ദൗത്യമെന്നും ഭഗവത് അവകാശപ്പെട്ടിരുന്നു. എന്നാൽ, വിദേശ വേദികളിൽ സമത്വത്തെക്കുറിച്ചും വൈവിധ്യത്തെക്കുറിച്ചും സംസാരിക്കുന്ന ആർഎസ്എസ് നേതൃത്വം, രാജ്യത്തിനുള്ളിൽ നടക്കുന്ന സംഭവങ്ങളിൽ മൗനം തുടരുന്നത് വിരോധാഭാസമാണെന്നാണ് കപിൽ സിബൽ ചൂണ്ടിക്കാണിക്കുന്നത്.