04/09/2026
[fontresizer_tawhidurrahmandear_widget]

‘ഈ പോക്കാണ് പോകുന്നതെങ്കിൽ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് മാത്രം നോക്കിയാൽ മതി’; എ.കെ ബാലന് മറുപടിയുമായി മന്ത്രി കെ.മുരളീധരൻ

 ‘ഈ പോക്കാണ് പോകുന്നതെങ്കിൽ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് മാത്രം നോക്കിയാൽ മതി’; എ.കെ ബാലന് മറുപടിയുമായി മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രാഷ്ട്രീയമായി മുതലെടുക്കാൻ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന സി.പി.എം നേതാവ് എ.കെ ബാലന്റെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്. യു.ഡി.എഫിന് അത്തരമൊരു മുതലെടുപ്പിന്റെ ആവശ്യമില്ലെന്നും നിലവിൽ 102 എം.എൽ.എമാരുടെ ഭൂരിപക്ഷം സർക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരു ഭയവുമില്ലാതെ അഞ്ച് വർഷത്തേക്ക് യു.ഡി.എഫ് സർക്കാരിന് സുഖമായി മുന്നോട്ട് പോകാനാകും. എന്നാൽ ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ പോക്ക് ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ അടുത്ത തവണ അവർ ബാക്കിയുണ്ടാകുമോ എന്ന് മാത്രം നോക്കിയാൽ മതിയെന്നും അദ്ദേഹം തിരിച്ചടിച്ചു.

സി.പി.എമ്മും സി.പി.ഐയും ഇടതുമുന്നണിയുടെ ഹൃദയവും തലച്ചോറുമാണെന്നും, ആ ബന്ധം തകരുമെന്ന് കരുതി ചെങ്കൊടിയുടെ തണൽ കിട്ടുമോയെന്ന് കാത്ത് നിൽക്കുന്ന യു.ഡി.എഫ് ഇളകുന്ന ആടിന്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കനെ പോലെയാണെന്നുമായിരുന്നു എ.കെ ബാലൻ നേരത്തെ പരിഹസിച്ചത്.

അതേസമയം, സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ ഒരടിപോലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സംവിധാനം നടപ്പിലാക്കുന്നത് അമിതഭാരമാകുമെന്ന ഡോക്ടർമാരുടെ വാദം മന്ത്രി തള്ളി. കഴിഞ്ഞ ദിവസം മാത്രം 140 പുതിയ ഡോക്ടർമാരെ സർക്കാർ നിയമിച്ചിട്ടുണ്ടെന്നും ആവശ്യാനുസരണം ഡോക്ടർമാരെ ഇനിയും നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ സർക്കാർ പ്രഖ്യാപിച്ച നയത്തിൽ യാതൊരു മാറ്റവുമില്ല. ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ഇതുവരെ ഔദ്യോഗികമായി എതിർപ്പൊന്നും അറിയിച്ചിട്ടില്ലെന്നും, തസ്തികകളിൽ ഒഴിവുണ്ടെങ്കിൽ അത് കൃത്യമായി സർക്കാരിനെ ബോധിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബുദ്ധിമുട്ടുകൾ പത്രത്തിലൂടെയല്ല അറിയിക്കേണ്ടത്. മന്ത്രിയെ കാണണമെങ്കിൽ ഡോക്ടർമാർക്ക് നേരിട്ട് വരാമെന്നും അല്ലാതെ ദിവസവും പ്രസ്താവനകൾ ഇറക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്ടർമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി തീർത്തുപറഞ്ഞു.

Also read: