‘ഗുസ്തിക്കാരോട് ദേഷ്യമില്ല, അവർ എന്നെ ഹീറോയാക്കി’: ആരോപണമുന്നയിച്ച വനിതാ താരങ്ങളെ പരിഹസിച്ച് ബ്രിജ് ഭൂഷൺ സിങ്
ന്യൂഡൽഹി: തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ഹരിയാനയിലെ വനിതാ ഗുസ്‌തിതാരങ്ങളെ പരിഹസിച്ച് ബിജെപി നേതാവും ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ഉയർന്ന ആരോപണങ്ങളാണ് തന്നെ രാജ്യത്തുടനീളം ഒരു ഹീറോയാക്കി മാറ്റിയതെന്ന് അദ്ദേഹം വിവാദ പരാമർശം നടത്തി. രാജസ്ഥാൻ പൊലീസിൽ ഡിഎസ്‌പിയായി സ്ഥാനക്കയറ്റം ലഭിച്ച അന്താരാഷ്ട്ര കബഡി താരം സച്ചിൻ തൻവാറിന് നൽകിയ സ്വീകരണ ചടങ്ങിലാണ് ബ്രിജ് ഭൂഷന്റെ പ്രതികരണം.
ഗുസ്‌തിതാരങ്ങളോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന് ബ്രിജ് ഭൂഷൺ വ്യക്തമാക്കി. രാമായണത്തിൽ കൈകേയി കാരണമാണ് ശ്രീരാമൻ കൂടുതൽ അറിയപ്പെട്ടത് പോലെയാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന വനിതാ താരങ്ങൾ ഇപ്പോൾ തുച്ഛമായ തുകയ്ക്ക് പോലും ബുദ്ധിമുട്ടുകയാണെന്നും അവരെ ആരും പരിപാടികളിലേക്ക് ക്ഷണിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
തന്റെ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നും അഞ്ച് സഹോദരങ്ങളുടെയും സ്വന്തം മകന്റെയും അന്ത്യകർമങ്ങൾ നടത്തേണ്ടി വരികയും സ്വന്തം വീട് പൊളിച്ചുനീക്കുന്നത് കാണേണ്ടി വരികയും ചെയ്തിട്ടുണ്ടെങ്കിലും താൻ തളർന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 1996-ൽ കോൺഗ്രസ് സർക്കാറിന്റെ കാലത്ത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന ആരോപണം നേരിട്ട കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
വനിതാ ഗുസ്‌തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹിയിലെ റൗസ് അവന്യൂ കോടതി ബ്രിജ് ഭൂഷൺ സിങ്ങിനെ കുറ്റവിമുക്തനാക്കിയിരുന്നു.