‘ഒക്ടോബർ 7 സംഭവിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നിട്ടും എന്നോട് അവരത് മറച്ചുവച്ചു; നേരത്തെ വിളിച്ചുണർത്തിയിരുന്നെങ്കിൽ, ആ ദുരന്തം ഒഴിവാക്കാമായിരുന്നു’; ബെഞ്ചമിൻ നെതന്യാഹു
തെൽ അവീവ്: കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണം നടക്കുന്നതിന് മുൻപ് സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ വിളിച്ചുണർത്തി വിവരങ്ങൾ നൽകിയിരുന്നെങ്കിൽ ഒക്ടോബർ 7 ലെ ഈ വൻ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് നെതന്യാഹു അവകാശപ്പെട്ടു.
ഇസ്രയേലിലെ രാഷ്ട്രീയ-സുരക്ഷാ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് ഈ പ്രസ്താവന വഴിതുറന്നിരിക്കുന്നത്. ഒക്ടോബർ 7ലെ ഇന്റലിജൻസ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സുരക്ഷാ മേധാവികളുടെ മേൽ കെട്ടിവെക്കാനും സ്വന്തം വീഴ്ചകൾ മറച്ചുവെക്കാനുമുള്ള നെതന്യാഹുവിന്റെ ബോധപൂർവ്വമായ നീക്കമായാണ് ഈ പ്രതികരണത്തെ പലരും വിലയിരുത്തുന്നത്.
ഹമാസിന്റെ നീക്കങ്ങളെക്കുറിച്ച് അതിർത്തിയിൽ നിന്ന് അസാധാരണമായ ചില വിവരങ്ങൾ ലഭിച്ചിട്ടും അന്ന് രാത്രിയിൽ ആരും തന്നെ ഫോണിൽ വിളിച്ചില്ലെന്ന് നെതന്യാഹു പറഞ്ഞു. തന്നെ നേരത്തെ ഉണർത്തിയിരുന്നെങ്കിൽ, ഉടൻ തന്നെ വ്യോമസേനയ്ക്ക് നിർദ്ദേശം നൽകുകയും അടിയന്തരമായി സൈന്യത്തെ അതിർത്തിയിലേക്ക് അയക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ആക്രമണത്തിന്റെ വ്യാപ്തി കുറയ്ക്കാനോ പൂർണ്ണമായും തടയാനോ കഴിയുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ സുരക്ഷാ മേധാവികൾ ഈ വിവരങ്ങൾ പ്രധാനമന്ത്രിയെ അർദ്ധരാത്രി വിളിച്ചുണർത്തി അറിയിക്കേണ്ടത്ര ഗൗരവമുള്ളതാണെന്ന് കരുതിയില്ല. ഹമാസ് ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിന് മുതിരില്ലെന്നും, അവർ കേവലം ഒരു സൈനികാഭ്യാസത്തിലാണെന്നുമാണ് അന്ന് ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിലയിരുത്തിയതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ഒരു സ്വകാര്യ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ഈ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഹമാസ് ആക്രമണത്തിന് മുൻപുള്ള മാസങ്ങളിൽ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിലയിരുത്തലുകളെല്ലാം പാടെ തെറ്റായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹമാസ് ഇസ്രയേലിനെ ഭയപ്പെട്ടിരിക്കുകയാണെന്നും അവർ ഒരു വലിയ ആക്രമണത്തിന് മുതിരില്ലെന്നുമായിരുന്നു തനിക്ക് ലഭിച്ചിരുന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ വിശ്വസിച്ചതാണ് വലിയ തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നെതന്യാഹുവിന്റെ ഈ പ്രസ്താവനകൾക്കെതിരെ ഇസ്രയേലിൽ തന്നെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനും, സൈനിക ഉദ്യോഗസ്ഥരെ ബലിയാടാക്കാനുമാണ് പ്രധാനമന്ത്രി ഇപ്പോൾ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കളും മുൻ സൈനിക ഉദ്യോഗസ്ഥരും രൂക്ഷമായി വിമർശിച്ചു. ഒക്ടോബർ ഏഴിന് 1200-ലധികം ഇസ്രായേലികൾ കൊല്ലപ്പെടുകയും നിരവധി പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്ത സംഭവത്തിൽ രാജ്യത്ത് വലിയ തോതിലുള്ള അന്വേഷണങ്ങളും പ്രതിഷേധങ്ങളും പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഈ നിർണായക വെളിപ്പെടുത്തൽ.