02/09/2026
[fontresizer_tawhidurrahmandear_widget]

‘ഇത് ഏത് പാർട്ടി രീതി? പിണറായി വിജയന്റെ പ്രസംഗം ജനങ്ങളോടുള്ള വെല്ലുവിളി; രാഗേഷ് പാര്‍ട്ടിയില്‍ വന്നകാലത്തെ സ്വത്താണോ ഇപ്പോഴുള്ളത്? അന്വേഷിക്കണം’: ടി.കെ. ഗോവിന്ദൻ

 ‘ഇത് ഏത് പാർട്ടി രീതി? പിണറായി വിജയന്റെ പ്രസംഗം ജനങ്ങളോടുള്ള വെല്ലുവിളി; രാഗേഷ് പാര്‍ട്ടിയില്‍ വന്നകാലത്തെ സ്വത്താണോ ഇപ്പോഴുള്ളത്? അന്വേഷിക്കണം’: ടി.കെ. ഗോവിന്ദൻ

തിരുവനന്തപുരം: പിണറായി വിജയന്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പി.ബി അംഗം എന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നും ഗോവിന്ദൻ വിമർശിച്ചു.

‘ഇത് ഏത് പാർട്ടി രീതിയാണ്. പിണറായിയുടേത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പാളി എന്ന് കേന്ദ്ര കമ്മിറ്റി പരസ്യമായി പറഞ്ഞതാണ്. എന്നാൽ, ഈ പോരായ്മ പിണറായി പ്രസംഗത്തിൽ പറഞ്ഞില്ല. പാർട്ടി തെറ്റുതിരുത്താൻ പോകുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് ഇത്’ – ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെയും ഗോവിന്ദൻ കുറ്റപ്പെടുത്തി. രാഗേഷ് ജനിക്കും മുമ്പ് പാർട്ടി നേതൃത്വത്തിൽ വന്നയാളാണ് താനെന്നും തന്നെ വിമർശിക്കും മുൻപ് രാഗേഷ് കണ്ണാടിയിൽ നോക്കണമായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. വ്യക്തി അധിക്ഷേപം തിരിച്ചുപറയുന്നില്ല. വയറിങ്, പ്ലംബിങ് തൊഴിലാളി ആയാണ് രാഗേഷ് പാർട്ടിയിൽ വന്നത്. അന്നുള്ള സ്വത്തും ഇപ്പോഴുള്ള സ്വത്തും അന്വേഷിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

തളിപ്പറമ്പിൽ സംഘടിപ്പിച്ച സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ, പാർട്ടിയിൽ നിന്ന് പുറത്തായ ടി.കെ. ഗോവിന്ദൻ എം.എൽ.എയെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായിയുടെ വിമർശനം. പാർട്ടിയെ തകർക്കുക എന്ന എതിരാളികളുടെ ലക്ഷ്യം മനസ്സിലാക്കാതെയാണ് അവസരവാദിയായ ഗോവിന്ദനെ ഒരു വിഭാഗം ആളുകൾ സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.

‘മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ തെറ്റിദ്ധാരണയും തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായി. ടി കെ ഗോവിന്ദനെ സ്വീകരിച്ചതിൽ ഇപ്പോൾ പലർക്കും മനസ്താപം ഉണ്ടായിട്ടുണ്ടാകാം. പാർട്ടിയെ തകർക്കുക എന്ന ഉദ്ദേശം മനസിലാക്കാൻ കഴിയാതിരുന്ന ഒരു കൂട്ടം ആളുകൾ ഗോവിന്ദനെ സ്വീകരിക്കുന്ന നിലയുണ്ടായി. വ്യാജ പ്രചാരവേലയിൽ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് എൽ.ഡി.എഫിനൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇത്തവണ മാറി ചിന്തിച്ചത്. പാർട്ടി തകരണം എന്ന് ആഗ്രഹിക്കുന്നവർ അല്ല ഗോവിന്ദനെ സ്വീകരിച്ചത്. അവരിൽ ഇപ്പോൾ ഖേദിക്കുന്നവർ ഉണ്ടാകാം. അവർ പാർട്ടി വികാരത്തോടെ ശരിയായ നിലപാട് സ്വീകരിക്കണം’ -പിണറായി പറഞ്ഞു.

Also read: