05/09/2026
[fontresizer_tawhidurrahmandear_widget]

ചിരിച്ചുകൊണ്ട് യാത്ര തിരിച്ചവർ ഇനിയില്ല; തൃശൂർ അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്

 ചിരിച്ചുകൊണ്ട് യാത്ര തിരിച്ചവർ ഇനിയില്ല; തൃശൂർ അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: തൃശൂർ കയ്‌പമംഗലത്ത് ചരക്കുലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു തമിഴ്‌നാട് സ്വദേശികൾ മരിച്ച സംഭവത്തിന് തൊട്ടുമുൻപ് പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. സന്തോഷത്തോടെ യാത്ര തിരിക്കുന്ന വിദ്യാർത്ഥികളുടെ അവസാന ദൃശ്യങ്ങൾ കരളലിയിപ്പിക്കുന്നതാണ്.

ഡിണ്ടിഗൽ PSNA കോളജിലെ എൻജിനീയറിങ് വിദ്യാർഥികളായ വിശ്വ, സന്തോഷ്, പ്രസന്ന, സൂര്യ, യുവസഞ്ജിത്ത്, ജോഷ്വ ഹിൽസൺ, ജീവ, മുരളീകൃഷ്ണൻ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മൂന്ന് ദിവസത്തെ അവധി ആഘോഷിക്കാനാണ് സംഘം തൃശൂരിലേക്ക് തിരിച്ചത്.

ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെ കയ്പ‌മംഗലം പനമ്പിക്കുന്ന് സെൻ്ററിലായിരുന്നു നാടിനെ നടുക്കിയ അപകടം. ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്ക് വിദ്യാർത്ഥികളുടെ കാർ ഇടിച്ചുകയറുകയായിരുന്നു. തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തതെങ്കിലും എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

അവധി ദിവസമായതിനാൽ കോളജ് അധികൃതർ അറിയാതെയായിരുന്നു ഇവരുടെ യാത്ര. പുലർച്ചെ കേരള പൊലീസ് അറിയിച്ചപ്പോഴാണ് കോളജും രക്ഷിതാക്കളും വിവരമറിയുന്നത്. നിലവിൽ ബന്ധുക്കളും അധികൃതരും തൃശൂരിലെത്തിയിട്ടുണ്ട്.

ദേശീയപാതയിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ച പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: