08/09/2026
[fontresizer_tawhidurrahmandear_widget]

പള്ളി പൊളിച്ച സംഭവത്തിൽ യോഗി ആദിത്യനാഥിനെതിരെ വീഡിയോ; സാമൂഹിക പ്രവർത്തക അറസ്റ്റിൽ

 പള്ളി പൊളിച്ച സംഭവത്തിൽ യോഗി ആദിത്യനാഥിനെതിരെ വീഡിയോ; സാമൂഹിക പ്രവർത്തക അറസ്റ്റിൽ

ലഖ്‌നൗ: കളക്‌ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്ന പേരിൽ മുൻ മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഹുദ സാരിവാലയെ പോലീസ് അറസ്റ്റ് ചെയ്തു. സദർബസാർ പോലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനം മുൻനിർത്തിയാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.

ഇന്നലെ സഹാറൻപൂർ സർക്യൂട്ട് ഹൗസിലെത്തിയ ഹുദ, സമാജ്‌വാദി പാർട്ടി പ്രതിനിധി സംഘത്തോടൊപ്പം പോകുന്നതുമായി ബന്ധപ്പെട്ട് പോലീസുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പള്ളി പൊളിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ജില്ലാ മജിസ്ട്രേറ്റിനെയും വിമർശിച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോ മതസൗഹാർദം തകർക്കാൻ ഇടയാക്കുമെന്ന് കാണിച്ച് ദുഷ്യന്ത് സിങ് എന്ന അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

കസ്റ്റഡിയിലെടുത്ത ഹുദയെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. വീഡിയോയും മറ്റു പരാമർശങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും സഹാറൻപൂർ എസ്.എസ്.പി അഭിനന്ദൻ സിങ് അറിയിച്ചു.

സംഭവത്തെത്തുടർന്ന് പ്രദേശത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാജവാർത്തകളും തെറ്റായ സന്ദേശങ്ങളും തടയാൻ പ്രത്യേക ഓൺലൈൻ സംഘം പ്രവർത്തനം ആരംഭിച്ചു. ഇതേ വിഷയത്തിൽ വീഡിയോകൾ പങ്കുവെച്ച മറ്റു ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Also read: