ബിജെപിയിൽ അംഗത്വം; രണ്ട് മുൻ ജഡ്ജിമാരെ സീനിയർ അഭിഭാഷക പാനലിൽനിന്ന് ഒഴിവാക്കി കേരളം
ന്യൂഡൽഹി: ബി.ജെ.പി അംഗങ്ങളായ രണ്ട് മുൻ ജഡ്ജിമാരെ പുതിയ സീനിയർ അഭിഭാഷക പാനലിൽ നിന്ന് ഒഴിവാക്കി കേരള സർക്കാർ. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിമാരായ പി.എൻ. രവീന്ദ്രൻ, വി. ചിദംബരേഷ് എന്നിവരെയാണ് പാനലിൽ നിന്ന് പുറത്താക്കിയത്. ഇരുവരുടെയും ബി.ജെ.പി അംഗത്വമാണ് പുതിയ പാനലിൽ ഇടംപിടിക്കാത്തതിന് കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന പ്രാഥമിക സൂചന.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഇരുവരും സംസ്ഥാന സർക്കാരിന്റെ അഭിഭാഷക പാനലിൽ ഉണ്ടായിരുന്നു. ബുധനാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് പുതിയ സീനിയർ അഭിഭാഷക പാനലിന് അന്തിമ അംഗീകാരം നൽകിയത്.
2018-ൽ കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി.എൻ. രവീന്ദ്രനും 2019-ൽ വിരമിച്ച ജസ്റ്റിസ് വി. ചിദംബരേഷും 2021-ലാണ് ബി.ജെ.പിയിൽ ചേർന്നത്. എറണാകുളത്ത് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് കേന്ദ്രമന്ത്രി നിർമ്മല സീതാരാമനിൽ നിന്നാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇതിന് ശേഷം ബി.ജെ.പി, ആർ.എസ്.എസ് സഹയാത്രികരായ വിരമിച്ച ജഡ്ജിമാർ പുറത്തിറക്കിയ പല പ്രസ്താവനകളിലും ഇരുവരും ഒപ്പുവെച്ചിരുന്നു.
2021-ൽ അധികാരത്തിൽ വന്ന രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും സീനിയർ അഭിഭാഷക പാനലിൽ ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ എന്നിവരുടെ പേരുകൾ ഉൾപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ എതിർകക്ഷിയായ കേസുകളിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരാകുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് വി. ചിദംബരേഷ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയും താൻ ഹാജറാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം അഭിഭാഷക സംഘടനയുമായി ബന്ധമുള്ളവരും പുറത്ത്
സി.പി.എമ്മിന്റെ അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി പി.വി. സുരേന്ദ്രനാഥിനെയും പുതിയ സീനിയർ അഭിഭാഷക പാനലിൽ നിന്ന് സംസ്ഥാന സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാരിന് വേണ്ടി നിരവധി കേസുകളിൽ ഹാജരായിരുന്ന മുൻ എസ്.എഫ്.ഐ നേതാവും ഇടത് സഹയാത്രികനുമായ പി.വി. ദിനേശിന്റെ പേരും മന്ത്രിസഭ അംഗീകരിച്ച പുതിയ പാനലിൽ ഇടംപിടിച്ചിട്ടില്ല.