27/09/2026
[fontresizer_tawhidurrahmandear_widget]

‘ഇഡിയെ ഉപയോഗിച്ച് ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്തൽ ബിജെപിയുടെ വ്യാമോഹം മാത്രം; ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കും’ – ടി.പി രാമകൃഷ്ണൻ

 ‘ഇഡിയെ ഉപയോഗിച്ച് ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്തൽ ബിജെപിയുടെ വ്യാമോഹം മാത്രം; ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കും’ – ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയ ആയുധമാക്കി കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കാമെന്നതും രാഷ്ട്രീയ ഇടം കണ്ടെത്താമെന്നതും ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്‌ണൻ. എത്രയൊക്കെ ശ്രമങ്ങൾ നടത്തിയാലും കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇഡിയുടെ നീക്കങ്ങളെന്നും അദ്ദേഹത്തെ വീട്ടിൽ തടഞ്ഞുനിർത്തുന്ന തരത്തിലുള്ള നടപടികൾ ജനാധിപത്യവിരുദ്ധമാണെന്നും ടി.പി രാമകൃഷ്ണൻ ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങൾ തള്ളിക്കളയും. എന്നാൽ, കേന്ദ്ര ഏജൻസിയുടെ ഇടപെടലുകളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാൻ കേരളത്തിലെ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ അറസ്റ്റ് അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി കുറ്റവാളിയെന്ന് വിധിക്കുന്നതിന് മുൻപ് ആരെയും വിലങ്ങണിയിക്കാൻ പാടില്ലെന്നും, വിഷയം ഉന്നയിച്ച് ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: