ഭാര്യ ജയയെ കൃത്യസമയത്ത് ഒരുക്കിയെടുക്കാൻ അമിതാഭ് ബച്ചന്റെ ‘സിംപിൾ ട്രിക്ക്’; കെബിസി വേദിയിൽ രഹസ്യം വെളിപ്പെടുത്തി ബിഗ് ബി
മുംബൈ: ജനപ്രിയ ക്വിസ് ഷോയായ ‘കോൻ ബനേഗാ ക്രോർപതി 18’ വേദിയിൽ തങ്ങളുടെ വ്യക്തിജീവിതത്തിലെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ അമിതാഭ് ബച്ചൻ പങ്കുവെക്കാറുണ്ട്. ഭാര്യ ജയ ബച്ചനെക്കുറിച്ചുള്ള രസകരമായ ഒരു കാര്യമാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
വിവാഹത്തിനോ മറ്റേതെങ്കിലും പരിപാടിക്കോ പോകാനൊരുങ്ങുമ്പോൾ ഭാര്യ റെഡിയാകാൻ വൈകുന്നതിന്റെ പേരിൽ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ എന്ന മത്സരവിജയിയുടെ ചോദ്യത്തിനാണ് ബിഗ് ബി മറുപടി നൽകിയത്. പരിപാടികൾക്ക് വൈകാതിരിക്കാൻ താൻ പ്രയോഗിക്കുന്ന ലളിതമായ ഒരു സൂത്രം അദ്ദേഹം പങ്കുവെച്ചു.
“വൈകിട്ട് ആറുമണിക്കാണ് ഒരു കല്യാണമെങ്കിൽ, അഞ്ചുമണിക്കാണ് ചടങ്ങെന്ന് ഞാൻ അവരോട് പറയും. അങ്ങനെ പറയുമ്പോൾ അവർ മൂന്നര-നാല് മണിയോടെ ഒരുങ്ങാൻ തുടങ്ങുകയും ഞങ്ങൾ കൃത്യസമയത്ത് പരിപാടിക്ക് എത്തുകയും ചെയ്യും,” അമിതാഭ് ബച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘കോൻ ബനേഗാ ക്രോർപതി’യിൽ ജയ ബച്ചനെക്കുറിച്ച് അമിതാഭ് സംസാരിക്കുന്നത് ഇതാദ്യമല്ല. താൻ വൈകി വീട്ടിലെത്തുമ്പോൾ ജയ ദേഷ്യപ്പെടാറുണ്ടോ എന്ന് മുൻപ് ഒരു മത്സരവിജയി ചോദിച്ചിരുന്നു. മുൻകൂട്ടി അറിയിക്കാതെ വൈകി വന്നാൽ ജയക്ക് ദേഷ്യം വരുമെന്ന് തനിക്കറിയാമെന്നും, അത് ഒഴിവാക്കാൻ തന്റെ ജോലി സമയത്തെക്കുറിച്ച് കുടുംബത്തിന് നേരത്തെ തന്നെ സന്ദേശം അയക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കൂടാതെ, രാത്രി ഭക്ഷണത്തിനായി തന്റെ വരവ് കാത്തിരിക്കേണ്ടതില്ലെന്നും സന്ദേശത്തിൽ അറിയിക്കും. മുൻകൂട്ടി പറയാതെ വൈകിയെത്തുന്ന ദിവസങ്ങളിൽ എവിടെയായിരുന്നുവെന്നും എന്തുകൊണ്ട് വിവരമൊന്നും അറിയിച്ചില്ലെന്നും ജയ ചോദിക്കാറുണ്ട്. ഇത്തരം ദിവസങ്ങളിൽ തന്റെ വരവിനായി കാത്തുനിൽക്കാതെ ജയ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകുമെന്നും ബച്ചൻ കൂട്ടിച്ചേർത്തു.