‘മൂന്ന് വർഷത്തെ കഠിനാധ്വാനമാണ് ഈ ആർട്ട്വർക്ക്’ ; ബിഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാദത്തിൽ; അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചെന്ന് പ്രവാസി കലാകാരൻ
കൊച്ചി: ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പ്രശസ്ത താരം മോഹൻലാൽ ധരിച്ചെത്തിയ ഷർട്ടിന്റെ ഡിസൈനെ ചൊല്ലി വിവാദം. തന്റെ അനുവാദമില്ലാതെയാണ് ചിത്രത്തിന്റെ ഡിസൈൻ ഷർട്ടിൽ ഉപയോഗിച്ചതെന്ന ആരോപണവുമായി പ്രവാസി ചിത്രകാരനായ സിജിൻ ഗോപിനാഥനാണ് രംഗത്തെത്തിയത്. എന്നാൽ വിവാദത്തിലൂടെയോ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയോ ശ്രദ്ധ നേടാൻ തനിക്ക് താല്പര്യമില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.
“നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയോ വിവാദങ്ങളിലൂടെയോ ശ്രദ്ധ നേടുക എന്നത് ഒരിക്കലും എൻ്റെ രീതിയല്ല. ഒരു ഹേറ്റ് ക്യാമ്പെയ്നിൻ്റെ ഭാഗമാകാനോ വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ നേടാനോ എനിക്ക് താൽപര്യമില്ല. ഞാൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. എൻ്റെ ആർട്ട്വർക്കിലെ മുഖങ്ങൾ തെരുവുകളിലും ജീവിതയാത്രയിലും ഞാൻ നേരിട്ട് കണ്ടുമുട്ടിയ യഥാർത്ഥ മനുഷ്യരിൽ നിന്നുള്ളവയാണ്. മൂന്ന് വർഷത്തോളം സമയമെടുത്താണ് ആ മുഖങ്ങൾ വരച്ചതും ഈ ആർട്ട്വർക്ക് രൂപപ്പെടുത്തിയതും. ഓരോ മുഖത്തിനും പിന്നിൽ ഓരോ ഓർമ്മയുണ്ട്. അതുകൊണ്ടുതന്നെ ഇത് എനിക്ക് വെറുമൊരു സാങ്കൽപ്പിക ആർട്ട്വർക്ക് അല്ല,” എന്ന് സിജിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഡൂഡിൽ ആർട്ട് താൻ കണ്ടുപിടിച്ചതാണെന്നോ അതിൻമേൽ തനിക്ക് മാത്രമാണ് അവകാശമെന്നോ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ സിജിൻ, താൻ പറയാത്ത കാര്യങ്ങൾ തന്റെ വാക്കുകളായി ചിത്രീകരിക്കരുതെന്നും അഭ്യർത്ഥിച്ചു. തന്റെ വാക്കുകളെ വളച്ചൊടിച്ച് താൻ ഏറെ ബഹുമാനിക്കുന്ന മോഹൻലാലിനെതിരെ ഉപയോഗിക്കരുതെന്നും അദ്ദേഹത്തിനെതിരെ നെഗറ്റിവിറ്റി ഉണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയം ചർച്ചയായതോടെ മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ വിശദീകരണവുമായി രംഗത്തെത്തി. താനാണ് ലാൽ സാറിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് എങ്കിലും റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് താനല്ലെന്ന് ശാന്തി വ്യക്തമാക്കി.
അതേസമയം, റിയാലിറ്റി ഷോയിൽ മോഹൻലാലിന് കോസ്റ്റ്യൂമുകൾ ഒരുക്കുന്നത് പ്രവീൺ വർമ എന്ന സ്റ്റൈലിസ്റ്റാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ നിലവിലെ വിവാദത്തിൽ പ്രതികരിക്കാൻ പ്രവീൺ വർമ തയ്യാറായിട്ടില്ല. ലളിതവും പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ ലുക്കാണ് ഇത്തവണ മോഹൻലാലിനായി ഒരുക്കുന്നതെന്ന് പ്രവീൺ വർമ നേരത്തെ വ്യക്തമാക്കിയിരുന്നു.