‘സുന്ദരിയാണ്, ഐഎഎസ് ഉദ്യോഗസ്ഥയാക്കാം’; ബാങ്ക് ജീവനക്കാരിക്ക് അശ്ലീല സന്ദേശമയച്ച സമാജ്വാദി പാർട്ടി നേതാവിനെതിരെ കേസ്
മഥുര: ബാങ്ക് ഉദ്യോഗസ്ഥയായ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സമാജ്വാദി പാർട്ടി ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി രാജൻ റിസ്വിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം വിവാദമായതോടെ ഇയാളെ പാർട്ടി സ്ഥാനത്തുനിന്ന് എസ്പി നേതൃത്വം നീക്കം ചെയ്തു. യുവതിയുടെ പരാതിയിൽ മഥുരയിലെ കോട്വാലി പൊലീസാണ് നടപടിയെടുത്തത്.
മഥുരയിലെ കനറ ബാങ്ക് ജീവനക്കാരി നൽകിയ പരാതി അനുസരിച്ച്, ബാങ്കിലെത്തിയ രാജൻ യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കുകയായിരുന്നു. തുടർന്ന് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചു. യുവതി സുന്ദരിയാണെന്നും ഈ ജോലി അവർക്ക് ചേർന്നതല്ലെന്നും സമാജ്വാദി പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി വഴി ഐഎഎസ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ നിയമനം വാങ്ങിത്തരാമെന്നും വാട്സാപ്പ് ചാറ്റിലൂടെ വാഗ്ധാനം നൽകി.
നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയെന്നും കോൾ എടുക്കാതിരുന്നതോടെ ഫോണിലെ വിവരങ്ങൾ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വാട്സാപ്പ് ചാറ്റ് വിവരങ്ങൾ യുവതി പൊലീസിന് കൈമാറി. ഐടി ആക്ടിലെ സെക്ഷൻ 67 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ബാങ്കിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും ചാറ്റ് സ്ക്രീൻഷോട്ടുകളും പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.