27/09/2026
[fontresizer_tawhidurrahmandear_widget]

‘വിശുദ്ധ മക്കയ്ക്ക് നേരെയുള്ള കടന്നുകയറ്റം ആശങ്കാജനകം’; ഹൂതി ഡ്രോൺ ആക്രമണത്തിൽ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ

 ‘വിശുദ്ധ മക്കയ്ക്ക് നേരെയുള്ള കടന്നുകയറ്റം ആശങ്കാജനകം’; ഹൂതി ഡ്രോൺ ആക്രമണത്തിൽ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: സൗദി അറേബ്യയിലെ മക്കയ്ക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾക്ക് മക്കയ്ക്കുള്ള പ്രത്യേക പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഈ സംഭവം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഇന്ത്യ വ്യക്തമാക്കി.

മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്: “മക്കയ്ക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഞങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. സൗദി അറേബ്യയുടെ പരമാധികാര അതിർത്തിക്ക് നേരെയും, സാധാരണക്കാരുടെ ജീവനും അടിസ്ഥാന സൗകര്യങ്ങൾക്കും ഭീഷണിയാകുന്ന തരത്തിലുമുള്ള ആക്രമണങ്ങളെ ഇന്ത്യ വീണ്ടും അപലപിക്കുന്നു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾക്ക് മക്കയ്ക്കുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഈ സംഭവം കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച മക്കയ്ക്ക് തെക്ക് ഭാഗത്ത് വെച്ച് ഹൂതികളുടെ ഡ്രോൺ സൗദി വ്യോമസേന തടയുകയും തകർക്കുകയും ചെയ്തതായി സൗദി അറേബ്യ വ്യക്തമാക്കി. വിശുദ്ധ നഗരത്തിന്റെ വിലക്കപ്പെട്ട വ്യോമമേഖലയിലേക്ക് കടക്കുന്നതിന് മുൻപാണ് ഡ്രോൺ തകർത്തത്. വിശുദ്ധ സ്ഥലങ്ങളുടെയും തീർത്ഥാടകരുടെയും സുരക്ഷ ഒരു ‘റെഡ് ലൈൻ’ ആണെന്നും, ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സൗദി സൈനിക വക്താവ് തുർക്കി അൽ-മാലിക്കി മുന്നറിയിപ്പ് നൽകി.

എന്നാൽ, മക്കയെ ലക്ഷ്യമിട്ടെന്ന ആരോപണം ഹൂതികൾ തള്ളി. “മക്കയെ ലക്ഷ്യമിട്ടു എന്നകാശപ്പെടുന്നത് മുൻപും ഉപയോഗിച്ചിട്ടുള്ള പഴഞ്ചൻ നുണയാണ്, ഇനിയിത് ആരും വിശ്വസിക്കില്ല,” എന്ന് ഹൂതി വക്താവ് ഹാസെം അൽ അസദ് എക്സിൽ കുറിച്ചു.

Also read: