‘ഈ പീഡനത്തിലും ഭേദം മരിക്കുന്നത്; പാർക്കിൻസൺസ് രോഗിയെക്കൊണ്ട് നിർബന്ധിച്ച് വിരലടയാളം പതിപ്പിച്ചു’: മാസപ്പടിക്കേസിൽ മൊഴി പിൻവലിച്ച് ശശിധരൻ കർത്ത
കൊച്ചി: മാസപ്പടികേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിച്ച് സിഎംആർഎൽ എംഡി ശശിധരൻ കർത്ത. മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെയാണ് മൊഴി നൽകിയതെന്നും അതിനാൽ ഇത് പിൻവലിക്കുകയാണെന്നും വ്യക്തമാക്കി കർത്തയുടെ സഹോദരൻ എൻ. അജിത് ഇഡി ഡയറക്ടർക്ക് അയച്ച കത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. 2024 മേയ് 15നാണ് കത്ത് നൽകിയത്.
പാർക്കിൻസൺസ്, ഡിമൻഷ്യ തുടങ്ങിയ ഗുരുതര രോഗങ്ങൾ ബാധിച്ച് കിടപ്പിലായ കർത്തയെ 2024 ഏപ്രിൽ 17ന് വീട്ടിലെത്തിയാണ് ഇഡി ചോദ്യം ചെയ്തത്. ചോദ്യങ്ങൾ മനസ്സിലാക്കാനോ മറുപടി പറയാനോ കഴിയാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി പരിഗണിക്കാതെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം നിർബന്ധിച്ച് വിരലടയാളം പതിപ്പിക്കുകയായിരുന്നുവെന്ന് കത്തിൽ ആരോപിക്കുന്നു. “ഈ പീഡനത്തിലും ഭേദം മരിക്കുന്നതാണ്” എന്ന് ചോദ്യം ചെയ്യലിനിടെ കർത്ത ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞതായും കത്തിലുണ്ട്.
ബലപ്രയോഗത്തിലൂടെയാണ് കർത്തയുടെ വിരലടയാളം പതിപ്പിച്ചതെന്നും കടുത്ത ഭീഷണിയും സമ്മർദവും മൂലമാണ് അന്ന് മൊഴി നൽകേണ്ടി വന്നതെന്നും സിഎംആർഎൽ സിഎഫ്ഒ കെ.എസ് സുരേഷ് കുമാറും വെളിപ്പെടുത്തി. താൻ ഇത് നേരിട്ട് കണ്ടതാണെന്ന് വ്യക്തമാക്കി സുരേഷ് കുമാറും ഇഡി ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ട്.