കേന്ദ്രമന്ത്രി അമിത് ഷായുടെ സന്ദർശനത്തിൽ മുസ്‌ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി; ഐക്യരാഷ്ട്രസഭയെ സമീപിച്ച് മഹുവ മൊയ്ത്ര
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശനവേളകളിൽ മുതിർന്ന മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഔദ്യോഗിക പരിപാടികളിൽ നിന്ന് മതത്തിന്റെ പേരിൽ ഒഴിവാക്കിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഓഫീസിലെ ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള സ്പെഷ്യൽ റാപ്പർട്ടർ പ്രൊഫസർ നിക്കോളാസ് ലെവ്രാറ്റിനാണ് അവർ കത്തയച്ചത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അമിത് ഷായുടെ മൂന്ന് സന്ദർശനവേളകളിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരോട് ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാനോ അല്ലെങ്കിൽ അവിടെനിന്ന് പോകാനോ ആവശ്യപ്പെട്ടതായി കത്തിൽ ആരോപിക്കുന്നു. അതേസമയം മറ്റ് മത വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥരെ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിച്ചതായും മഹുവ വ്യക്തമാക്കി.
പങ്കെടുക്കാൻ അനുവദിച്ച മറ്റ് സഹപ്രവർത്തകരിൽ നിന്ന് ഈ മൂന്ന് ഉദ്യോഗസ്ഥരെ വേറിട്ടുനിർത്തുന്നതും ഇവർക്ക് മൂന്നുപേർക്കും പൊതുവായുള്ളതുമായ ഒരേയൊരു കാര്യം അവരുടെ മതമാണെന്ന് മഹുവ മൊയ്ത്ര കത്തിൽ ചൂണ്ടിക്കാട്ടി. സിലിഗുരി പോലീസ് കമ്മീഷണർ വഖാർ റാസ, പശ്ചിമ ബംഗാൾ പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് മേധാവി ജാവേദ് ഷമീം, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഖലീൽ അഹമ്മദ് എന്നിവരുടെ ഉദാഹരണങ്ങളാണ് അവർ കത്തിൽ ഉദ്ധരിച്ചത്.
മുൻപും തൃണമൂൽ എം.പി സമൂഹമാധ്യമങ്ങളിലൂടെ ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഡയമണ്ട് ഹാർബർ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ സമൻസ് അയക്കുകയും ചെയ്തിരുന്നു.
ഇത്തരം നടപടികൾ ആസൂത്രിതമായ ഒഴിവാക്കലാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ ആത്മവിശ്വാസത്തെയും സുരക്ഷയെയും ഇത് ബാധിക്കുമെന്നും മഹുവ കത്തിൽ വിശദീകരിച്ചു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടാൻ സ്പെഷ്യൽ റിപ്പോട്ടറോട് അവർ ആവശ്യപ്പെട്ടു. ഒപ്പം അമിത് ഷായുടെ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും ടൂർ ഡയറികളും മറ്റ് രേഖകളും സൂക്ഷിച്ചു വെക്കണമെന്നും മഹുവ കത്തിൽ ആവശ്യപ്പെട്ടു. സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം, സിവിൽ-രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി എന്നിവയിലെ വ്യവസ്ഥകളും അവർ തന്റെ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.