ബംഗാളില്‍ നാടകീയ നീക്കങ്ങൾ; മമത പിന്തുണച്ചതിന് പിന്നാലെ നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മത്സരരംഗത്തുനിന്ന് പിന്മാറിയതിന് തൊട്ടുപിന്നാലെ, കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ കൊലപാതക കേസിൽ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. ടി.എം.സി സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെ കോൺഗ്രസ് സ്ഥാനാർഥിക്ക് ടി.എം.സി അധ്യക്ഷ മമത ബാനർജി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മമതയ്ക്ക് പാർട്ടിയുടെ പേരും ചിഹ്നവും താത്കാലികമായി നഷ്ടപ്പെട്ടതിന് പിന്നാലെ നന്ദിഗ്രാമിലെ സ്ഥാനാർഥി സഞ്ചിത പ്രധാൻ മത്സരത്തിൽ നിന്ന് പിന്മാറിയത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബംഗാൾ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് സഞ്ചിത സ്ഥാനാർഥിത്വം പിൻവലിച്ചത്. 2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ പ്രക്ഷോഭത്തിനിടെ നടന്ന ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് നിലവിൽ മിലൻ പ്രധാൻ അറസ്റ്റിലായത്. നന്ദിഗ്രാമിൽ നടന്ന ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭമാണ് മുൻപ് മമതയെ മുഖ്യമന്ത്രി പദത്തിലും ടി.എം.സിയെ അധികാരത്തിലും എത്തിച്ചിരുന്നത്.
നേരത്തെ, ടി.എം.സിയുടെ പേരും ചിഹ്നവും ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയിരുന്നു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ടി.എം.സി എം.എൽ.എമാരും എം.പിമാരും കൂട്ടത്തോടെ പാർട്ടി വിട്ടതും മമതയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടെ സഞ്ചിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ടി.എം.സിയിൽ മമതയുടെ നേതൃത്വത്തിലുള്ള വിഭാഗം സഞ്ചിതയെയാണ് നന്ദിഗ്രാമിൽ സ്ഥാനാർഥിയായി നിർത്തിയിരുന്നത്. ഋതബ്രത ബാനർജി വിഭാഗം മുഹമ്മദ് ഇതെഷാമുൽ ഹഖിനെയും സ്ഥാനാർഥിയാക്കി. ബി.ജെ.പിക്കുവേണ്ടി ഹസിറാണി റാത്താണ് മത്സരിക്കുന്നത്. ഒക്ടോബർ ആറിനാണ് നന്ദിഗ്രാമിലും റെജിനഗറിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒമ്പതിന് വോട്ടെണ്ണൽ നടക്കും.
സഞ്ചിതയുടെ പിന്മാറ്റത്തിന് പിന്നാലെ മറുനീക്കവുമായി മമത രംഗത്തുവന്നിരുന്നു. നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാനാണ് പാർട്ടി തീരുമാനമെന്ന് അവർ അറിയിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി സംസാരിച്ചെന്നും കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്നും മമത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുൻ മന്ത്രി അഖിൽ ഗിരിയെ ഒഴിവാക്കിയാണ് പുതുമുഖമായി സഞ്ചിതയെ നന്ദിഗ്രാമിലേക്ക് പരിഗണിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് പാർട്ടിയിലുണ്ടായ വിമത നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, സഭയിലേക്ക് മടങ്ങിയെത്താൻ മമത നന്ദിഗ്രാമിൽനിന്ന് തന്നെ ജനവിധി തേടുമെന്നും ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.
മമത ബാനർജിയെ സംബന്ധിച്ച് നന്ദിഗ്രാമിന് വൈകാരികവും രാഷ്ട്രീയവുമായ വലിയ പ്രാധാന്യമുണ്ട്. 2007ലെ നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ കരുത്തിലാണ് 2011ൽ മമത ബാനർജി ബംഗാളിൽ അധികാരത്തിലെത്തിയത്. മുൻപ് ബി.ജെ.പി വിട്ട് തൃണമൂലിലെത്തിയ പബിത്ര കറിനെയാണ് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ തൃണമൂൽ മത്സരിപ്പിച്ചത്. 2008 മുതൽ തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് സഞ്ചിത പ്രധാൻ ദേയ്. 2018 മുതൽ 2023 വരെ പഞ്ചായത്ത് സമിതി അംഗമായും അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മുതിർന്ന നേതാവ് സുവേന്ദു അധികാരി നന്ദിഗ്രാമും ഭവാനിപൂറും ഒരേസമയം വിജയിക്കുകയും, നിയമപ്രകാരം ഒരു സീറ്റ് ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നതുമാണ് നന്ദിഗ്രാമിൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. മമത ബാനർജി നയിക്കുന്ന പക്ഷത്തിന് ‘മമത ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്ബാൾ പ്ലെയർ’ ചിഹ്നവുമാണ് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചത്. അരൂപ് റോയിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘എൻവലപ്പ്’ ചിഹ്നവും നൽകി. ഇരുവിഭാഗങ്ങൾക്കും പശ്ചിമ ബംഗാൾ, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ പദവി ലഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്.