26/09/2026
[fontresizer_tawhidurrahmandear_widget]

ടിക്കറ്റില്ലാതെ യാത്ര, കുടുങ്ങിയപ്പോൾ പീഡന നാടകം; സ്വന്തം വസ്ത്രം വലിച്ചുകീറി ഭീഷണിപ്പെടുത്തിയ യുവതിയെ ക്യാമറയിൽ കുടുക്കി ടി.ടി.ഇ

 ടിക്കറ്റില്ലാതെ യാത്ര, കുടുങ്ങിയപ്പോൾ പീഡന നാടകം; സ്വന്തം വസ്ത്രം വലിച്ചുകീറി ഭീഷണിപ്പെടുത്തിയ യുവതിയെ ക്യാമറയിൽ കുടുക്കി ടി.ടി.ഇ

ന്യൂഡൽഹി: ട്രെയിൻ യാത്രയിൽ ടിക്കറ്റ് പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തിൽ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി അപമര്യാദയായി പെരുമാറുന്നതിന്റെയും ടി.ടി.ഇക്കെതിരെ വ്യാജ പീഡന പരാതി ഉയർത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് ഈ സംഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

ഡ്യൂട്ടിയിലുണ്ടായിരുന്ന ടിക്കറ്റ് ട്രാവലിംഗ് എക്സാമിനർ ടിക്കറ്റ് ചോദിച്ചതാണ് തർക്കത്തിന് കാരണമായത്. യാത്രക്കാരിയുടെ കൈവശം കൃത്യമായ ടിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും ടിക്കറ്റിന് പകരം പണം നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തതായും വിവരമുണ്ട്. തന്റെ സഹോദരൻ റെയിൽവേ ജീവനക്കാരനാണെന്നും യുവതി അവകാശപ്പെട്ടു.

സംഭാഷണം പെട്ടെന്നുതന്നെ വലിയ വാക്കുതർക്കത്തിലേക്ക് വഴിമാറി. ഫോണിലൂടെ സഹോദരനുമായി സംസാരിക്കുന്നതിനിടയിൽ ടി.ടി.ഇ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് യുവതി ആരോപിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് എമർജൻസി ഹെൽപ്പ്‌ലൈനായ 112-ൽ വിളിക്കുമെന്നും ടി.ടി.ഇക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി.

തന്റെ പേര് രാധിക തിവാരിയാണെന്ന് വെളിപ്പെടുത്തിയ യുവതി തർക്കത്തിനിടയിൽ സ്വന്തം വസ്ത്രങ്ങൾ വലിച്ചുകീറുകയായിരുന്നു. ടി.ടി.ഇ തന്നെ അനുചിതമായി സ്പർശിക്കാൻ ശ്രമിച്ചുവെന്നും പീഡിപ്പിക്കാൻ നോക്കിയെന്നും വരുത്തിതീർക്കാനായിരുന്നു ഈ ശ്രമമെന്നാണ് ആരോപണം. എന്നാൽ യുവതിയുടെ പെരുമാറ്റവും വാദപ്രതിവാദങ്ങളും ടി.ടി.ഇ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ജനരോഷത്തിന് ഇടയാക്കുകയും ചെയ്തു.

സംഭവത്തിന്റെ സത്യാവസ്ഥയും ട്രെയിൻ ഏതാണെന്നുള്ള വിവരങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും റെയിൽവേ യാത്രക്കാരുടെ സഹായത്തിനായുള്ള എക്സ് അക്കൗണ്ടായ റെയിൽവേ സേവ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പി.എൻ.ആർ നമ്പറും മൊബൈൽ നമ്പറും പങ്കുവെക്കാനും കൂടുതൽ നിയമനടപടികൾക്കായി ‘റെയിൽമദദ്’ വഴിയോ 139 എന്ന നമ്പറിലൂടെയോ പരാതിപ്പെടാനും അധികൃതർ ആവശ്യപ്പെട്ടു. ഔദ്യോഗിക ജോലിക്കിടെ ഇത്തരം വ്യാജ ആരോപണങ്ങളെ നേരിടേണ്ടി വരുന്ന ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകളാണ് ഈ സംഭവം ഉയർത്തിയിരിക്കുന്നത്.

Also read: