27/09/2026
[fontresizer_tawhidurrahmandear_widget]

ബധിരയും മൂകയുമായ വൃദ്ധയ്ക്ക് സ്വന്തം ചെലവിൽ വീട് വയറിങ് ചെയ്ത് വൈദ്യുതി കണക്ഷന്‍ എത്തിച്ച് നല്‍കി കെഎസ്ഇബി; കയ്യടിച്ച് നാട്

 ബധിരയും മൂകയുമായ വൃദ്ധയ്ക്ക് സ്വന്തം ചെലവിൽ വീട് വയറിങ് ചെയ്ത് വൈദ്യുതി കണക്ഷന്‍ എത്തിച്ച് നല്‍കി കെഎസ്ഇബി; കയ്യടിച്ച് നാട്

കോട്ടയം: ഒറ്റയ്ക്ക് താമസിക്കുന്ന ബധിരയും മൂകയുമായ വയോധികയുടെ വീട്ടിൽ സ്വന്തം ചെലവിൽ വയറിങ് നടത്തി വൈദ്യുതി കണക്ഷൻ നൽകി മാതൃകയായി കെഎസ്ഇബി ജീവനക്കാർ. കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്ത് ഒൻപതാം വാർഡിൽ താമസിക്കുന്ന 72-കാരിയായ അമ്മിണിയുടെ വീട്ടിലാണ് കെഎസ്ഇബി പെരുവ സെക്ഷൻ ഓഫീസ് ജീവനക്കാരുടെ കാരുണ്യത്തിൽ വെളിച്ചമെത്തിയത്.

ഒരു പുതിയ ഇലക്ട്രിക് പോസ്റ്റ് ഉൾപ്പെടെ സ്ഥാപിച്ചാണ് അമ്മിണിയുടെ വീട്ടിലേക്ക് കണക്ഷൻ നൽകിയത്. ഇതിന് പുറമെ വീടിന്റെ വയറിങ് പൂർത്തിയാക്കി ലൈറ്റുകളും ഫാനും ഇവർ തന്നെ ഘടിപ്പിച്ചു നൽകുകയും ചെയ്തു. വയറിങ്ങിനാവശ്യമായ മുഴുവൻ ചെലവുകളും ജീവനക്കാർ തന്നെയാണ് വഹിച്ചത്. വൈദ്യുതീകരണത്തിന് ശേഷമുള്ള സ്വിച്ച് ഓൺ കർമ്മം സെക്ഷൻ ഓഫീസ് അസിസ്റ്റന്റ് എൻജിനീയർ സ്മിത കെ.വി നിർവ്വഹിച്ചു.

പെരുവ സെക്ഷൻ ഓഫീസ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം കാരുണ്യപ്രവൃത്തികൾ ഇതാദ്യമല്ല. കഴിഞ്ഞ വർഷവും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മറ്റൊരു വനിതയുടെ ഒറ്റമുറി വീട്ടിൽ ഇവർ സമാനമായ രീതിയിൽ സ്വന്തം ചെലവിൽ വയറിങ് നടത്തി കണക്ഷൻ നൽകി മാതൃകയായിരുന്നു. നിസ്സഹായയായ വയോധികയുടെ ജീവിതത്തിലേക്ക് വെളിച്ചം പകർന്ന പെരുവ സെക്ഷനിലെ കെഎസ്ഇബി ജീവനക്കാരുടെ ഈ നല്ല മനസ്സിന് സമൂഹമാധ്യമങ്ങളിലും വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also read: